തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സിഎംഡി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ. ഇക്കാര്യം അദ്ദേഹം ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ട് അറിയിച്ചു. ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തമായതോടെ അദ്ദേഹം അവധിയിൽ പോകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിയെ കണ്ടത്.
കെഎസ്ആർടിസി പ്രത്യേകം സിഎംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. 20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷമാകും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുക.
ഈ മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് ശക്തമായ പ്രതിഷേധമായിരുന്നു കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും തൊഴിലാളി സംഘടനകളിൽ നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തുന്ന സാഹചര്യംവരെ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
അതേസമയം മാദ്ധ്യമ വാർത്തകളിലൂടെയാണ് എംഡിയുടെ രാജി സന്നദ്ധതയെക്കുറിച്ച് അറിഞ്ഞത് എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇക്കാര്യം അദ്ദേഹം താനുമായി ആലോചിച്ചിട്ടില്ല. സർക്കാർ തീരുമാനിച്ച പണം കൃത്യമായി നൽകിയാൽ തീരുന്ന പ്രശ്നം മാത്രമാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.











