ധാക്ക : ഝാർഖണ്ഡിലെ ഗൊദ്ദയിൽ പൂർത്തിയാക്കിയ അദാനി ഗ്രൂപ്പിന്റെ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗൗതം അദാനി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച്ച നടത്തി.
600 മെഗാവാട്ട് ആണ് ഗൊദ്ദ പ്ലാന്റിന്റെ പൂർണ ഉൽപാദന ശേഷി. ഇത് കൈവരിച്ചതിനെ തുടർന്നാണ് അദാനി നേരിട്ടെത്തി ഷെയ്ഖ് ഹസീനയെ സന്ദർശിച്ച് പ്ലാന്റ് ബംഗ്ലാദേശിന് കൈമാറിയത്. കോവിഡ് കാലത്ത് പ്ലാന്റിന്റെ കമ്മീഷനിലേക്ക് എത്തിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ച ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തൊഴിലാളികളെ അഭിനന്ദിക്കുന്നതായി അദാനി ട്വിറ്ററിൽ കുറിച്ചു.
മൂന്നര വർഷത്തെ റെക്കോഡ് സമയത്തിനുളളിലാണ് പ്ലാന്റ് യാഥാർത്ഥ്യമാക്കിയതെന്നും അദാനി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ഊർജ്ജ വികസന ബോർഡിനാണ് ഗൊദ്ദ പ്ലാന്റിൽ നിന്നുളള വൈദ്യുതി കൈമാറുക. ഇതിനായി മാത്രം സജ്ജമാക്കിയ പ്രത്യേക ട്രാൻസ്മിഷൻ ലൈനുകളിലൂടെയാണ് വൈദ്യുതി ബംഗ്ലാദേശിന് വിതരണം ചെയ്യുക.
ഗൊദ്ദ നിലയം പൂർണതോതിൽ പ്രവർത്തന സജ്ജമാണെന്ന് അദാനി ഗ്രൂപ്പ് ജൂണിൽ തന്നെ വ്യക്തമാക്കിയിരുന്നു. ജൂൺ 26 മുതലാണ് പ്ലാന്റിലെ 800 മെഗാവാട്ടിന്റെ രണ്ടാമത്തെ നിലയം പ്രവർത്തിച്ചു തുടങ്ങിയത്. അദാനി പവർ ലിമിറ്റഡിന്റെ ഉപകമ്പനിയായ അദാനി പവർ ഝാർഖണ്ഡ് ലിമിറ്റഡ് ആണ് പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ആദ്യ 800 മെഗാവാട്ട് നിലയം പ്രവർത്തനം തുടങ്ങിയിരുന്നു.
ഊർജ്ജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ഗൊദ്ദ പ്ലാന്റിലെ വൈദ്യുതി ജീവവായുവാണ്. കഴിഞ്ഞ സെപ്തംബറിൽ ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയപ്പോഴും അദാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.








