മുംബൈ: മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിനെ ഓഫീസിലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും. ശരദ് പവാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്നും അദ്ദേഹം എല്ലാം നിശബ്ദമായി കേട്ടിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് പവാർ പറഞ്ഞു.
ഇന്ന് ഞങ്ങളുടെ ദൈവവും ലീഡറുമായ ശരദ് പവാറിനെ കണ്ടു. അദ്ദേഹത്തിന്റെ അനുഗ്രഹം സ്വീകരിച്ചു. മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് ഞങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചത്. എൻസിപി ഐക്യത്തോടെ നിലനിൽക്കണം എന്നതാണ് തങ്ങളുടെ ആഗ്രഹം എന്ന് ഞങ്ങൾ പറഞ്ഞു. അദ്ദേഹത്തെ ഞങ്ങൾ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു. എന്നാൽ അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല, നിശബ്ദമായി കേട്ടിരിക്കുക മാത്രം ചെയ്തു. പ്രഫുൽ പട്ടേൽ പറഞ്ഞു. .
അജിത് പവാറിനും പ്രഫുൽ പട്ടേലിനുമൊപ്പം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മറ്റ് എൻസിപി നേതാക്കളായ ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ഡെ, അദിതി താത്കറെ, മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ എന്നിവരും ശരദ് പവാറിനെ സന്ദർശിച്ചു.
അതേസമയം, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇനിയും അപ്രതീക്ഷിതമായ പലതും സംഭവിക്കും എന്നതിന്റെ സൂചനയാണ് നേതാക്കളുടെ സന്ദർശനം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പവാർ സാഹിബ് കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും എന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസം എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് പവാർ പ്രതികരിച്ചതിന് പല വ്യാഖ്യാനങ്ങളും ചമയ്ക്കുകയാണ് രാഷ്ട്രീയ ലോകം.










