ഇസ്ലാമാബാദ്: പബ്ജി കളിച്ച് പ്രണയത്തിലായി ഇന്ത്യക്കാരനായ സച്ചിൻ മീനയെ വിവാഹം കഴിച്ച സീമയെ കൈവിട്ട് സ്വന്തം കുടുംബവും. മുസ്ലീം പോലുമല്ലാത്ത അവൾ ഇനി തിരിച്ചുവരേണ്ടതില്ലെന്നും ഇന്ത്യയിൽ തന്നെ കഴിയട്ടെയെന്നുമാണ് കുടുംബം പറയുന്നത്. മക്കളെ തിരികെ അയക്കുകയാണെങ്കിൽ വളർത്തുമെന്നും കുടുംബം പറയുന്നു.
ഇന്ത്യയുടെ സംസ്‌കാരത്തെ പൂർണമായും ഹൃദയത്തിൽ സ്വീകരിക്കുന്നതായും തന്റെ ഭർത്താവ് ഇന്ത്യക്കാരനും ഹിന്ദുവാണെന്നും താനും മക്കളും ഹിന്ദുമതം സ്വീകരിച്ചുവെന്നും സീമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബവും ഇനി സീമ തിരിച്ചുവരേണ്ടതില്ലെന്ന നിലപാട് എടുത്തത്. എന്നാൽ ഭർത്താവ് ഗുലാമിന് തന്റെ ഭാര്യയായിരുന്ന സീമയെ തിരികെ വേണമെന്നാണ് ആഗ്രഹം.
2019 ലാണ് പബ്ജി ഗെയിമിനിടെയുള്ള പ്രണയ കഥ ആരംഭിച്ചത്. കാമുകനൊപ്പം ജീവിക്കാനായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ സച്ചിനൊപ്പം ജീവിതം ആരംഭിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ റാബുപുരയിലെ വാടക വീട്ടിൽ നിന്ന് ജൂലൈ നാലിനാണ് സീമ ഹൈദറിനെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ രേഖകൾ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും സഹായിച്ചതിന് സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. സീമയ്ക്കൊപ്പം ഇന്ത്യയിലെത്തിയ നാല് മക്കൾക്കും പാകിസ്താനിലേക്ക് പോകണമെന്ന ആഗ്രഹമില്ലെന്നാണ് പ്രതികരണം.
ഗാർഹിക പീഡനം അടക്കം രൂക്ഷമായ ആരോപണങ്ങളാണ് സീമ ആദ്യ ഭർത്താവ് ഗുലാമിനെതിരെ നടത്തിയിരിക്കുന്നത്. മുഖത്ത് മുളക് പൊടി ഇടുന്നതടക്കമുള്ള ക്രൂരതയാണ് ഗുലാം തന്നോട് ചെയ്തതെന്നാണ് സീമ പറയുന്നത്. എന്നാൽ തന്റെ ഭാര്യയെ തിരികെ അയക്കണമെന്ന ആവശ്യം ഗുലാം ഉയർത്തിയിട്ടുണ്ട്.
Discussion about this post