ഡല്‍ഹി : മലിനീകരണ നിയന്ത്രണത്തിന് വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒറ്റ അക്കമുള്ള രജിസ്ട്രേഷന് നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്ന ദിവസം ഇരട്ട അക്കത്തില്‍ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നാണ് പ്രധാന നിര്‍ദേശം.
ഇത് പൊതു വാഹനങ്ങള്‍ക്ക് ബാധകമല്ല. ഈ രീതി നിലവില്‍ വരുന്നപക്ഷം ബീജിങ് കഴിഞ്ഞാല്‍ ഇത് പരീക്ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരിക്കും ഡല്‍ഹി.
അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് ദേശീയ തലസ്ഥാനത്തിന്റെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഗൗരവമായ നിരീക്ഷണം വന്നതിന് തൊട്ട് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാറിന്റെ ഈ നീക്കം.
ഡല്‍ഹി സര്‍ക്കാറിന്റെ പരിസ്ഥിതി മന്ത്രാലയം മലിനീകരണം നേരിടുന്നതിന് സമര്‍പ്പിച്ച കര്‍മ പദ്ധതികള്‍ അപര്യാപ്തമാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പൊടിപടലങ്ങളും വാഹനങ്ങളില്‍ നിന്നുള്ള പുകയും ആണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളായി കോടതി ചൂണ്ടിക്കാണിച്ചത്. കെട്ടിട നിര്‍മാണത്തിന്റെ ആധിക്യത്തെകുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതു സ്ഥലത്ത് മാലിന്യവും മറ്റും കത്തിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം സംഭവിച്ചു കഴിഞ്ഞ നഗരമാണ് ഡല്‍ഹി. ഭൂമിക്കു മുകളിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹി ആണെന്ന് യു.എന്നും പറഞ്ഞിരുന്നു. മെട്രോ റെയില്‍ സര്‍വീസുകള്‍ വന്നിട്ടും ഡല്‍ഹിയിലെ കാറുകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതു വാഹനങ്ങള്‍ക്കു പുറമെ പ്രതിദിനം 1400 റിലേറെ കാറുകള്‍ ആണ് നഗരത്തില്‍ ഓടുന്നത്.
Discussion about this post