അമരാവതി: ജൂലൈ 18ന് ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാറും ജന സേന പാർട്ടി പ്രസിഡന്റുമായ പവൻ കല്യാണും. യോഗത്തിൽ പങ്കെടുക്കാൻ ബിജെപിയിൽ നിന്ന് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമാകാൻ അദ്ദേഹം സമ്മതിച്ചതായും ജന സേന പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 17ന് അദ്ദേഹത്തോടൊപ്പം ജെഎസ്പിയുടെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ നദെന്ദ്‌ല മനോഹറും ഡൽഹിയിലേക്ക് തിരിക്കും.
എൻഡിഎ യോഗത്തിനു മുന്നോടിയായി സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ സ്ഥാപക നേതാവ് ഓം പ്രകാശ് രാജ്‍ബർ ഔദ്യോഗികമായി എൻഡിഎയിൽ ചേർന്നു. ജൂലൈ 14ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചതിന് ശേഷമായിരുന്നു തീരുമാനം.
ബിജെപി നയിക്കുന്ന എൻഡിഎയ്ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ രണ്ടാം യോഗം ജൂലൈ 17,18 കർണാടകയിൽ വെച്ച് നടക്കും. യോഗത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ 24 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. പ്രതിപക്ഷ ഐക്യത്തിനായുള്ള ആദ്യ യോഗം ജൂൺ 23 പട്നയിൽ ചേർന്നിരുന്നു.
ഈ വർഷം അവസാനം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വർഷത്തെ ലോകസഭ തിരഞ്ഞെടുപ്പിനുമുള്ള ശക്തമായ ഒരുക്കത്തിലാണ് ബിജെപി. തങ്ങളുടെ ശക്തി പ്രകടമാക്കാനുള്ള വേദിയായിരിക്കും ഈ യോഗം. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസർക്കാർ 9 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിക്കുന്നത്.
Discussion about this post