ഭാരതത്തിന്റെ അഭിമാനം ചിറകിലേറ്റി ചാന്ദ്രയാൻ 3 അതിന്റെ യാത്ര ആരംഭിച്ചിരിക്കുകയാണ്. ചന്ദ്രക്കല ചൂടാനും ഒളിപ്പിച്ചുവച്ച രഹസ്യങ്ങൾ കണ്ടെത്താനും ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. എൽവിഎം 3 അഥവാ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 ആണ് ചാന്ദ്രയാൻ 3 യെ ചന്ദ്രനിലെത്തിക്കുന്നത്.ലാൻഡറും, റോവർ മോഡ്യൂളുമാണ് ഈ പേടകത്തിനുള്ളത്. ചന്ദ്രന്റെ പ്രതലത്തിൽ നിന്നുള്ള ഡാറ്റ ശേഖരിക്കലാണ് ഇവയുടെ ലക്ഷ്യം. എന്നാൽ ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുന്ന റോവറിന് , അതായത് നമ്മുടെ സ്വന്തം പ്രഗ്യാന് വേറെയും ചില ജോലികൾ ചന്ദ്രനിൽ ചെയ്ത് തീർക്കാനുണ്ട്.
ഐഎസ്ആർഒയുടെ മുദ്ര പതിപ്പിക്കുകയാണ് ആദ്യത്തെ ജോലി. മറ്റൊന്ന് ചന്ദ്രനിൽ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന്റെ മുദ്ര പതിപ്പിക്കുക എന്നതാണ്. ആറ് ചക്രങ്ങളുള്ള റോവർ അതിന്റെ പിൻചക്രങ്ങൾ ഉപയോഗിച്ചാണ് മുദ്രകൾ പതിപ്പിക്കുക.
ചന്ദ്രനിൽ ഇന്ത്യയുടെ ആധിപത്യം കൂടി ഉറപ്പിക്കുന്നതാണ് ഈ അഭിമാന നിമിഷം. ഇതിന്റെ വീഡിയോ ഐഎസ്ആർഒ വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രയാൻ-3 മിഷനിന്റെ ദൃശ്യങ്ങളാണ് ഇതിൽ ഉള്ളത്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ചാന്ദ്രയാൻ 2 എന്ന മിഷന്റെ പരാജയം ചൂണ്ടിക്കാണിച്ച് പരിഹസിച്ചവർക്കുള്ള മറുപടി കൂടിയായിരിക്കും അശോക സ്തംഭം ചൂടിയെ തിങ്കൾ കല.
അതേസമയം ഭൂമിയിൽ നിന്ന് ബഹിരാകാശത്തു എത്തിയതിനു ശേഷം ഭൂമിക്കു ചുറ്റുമുള്ള ദീർഘ വൃത്ത പഥത്തിൽ ഒരു മാസത്തോളം ചിലവഴിച്ചതിന് ശേഷം ഘട്ടം ഘട്ടമായി ഉയർത്തി ചന്ദ്രനിലെത്തിക്കും. ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3യിലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുക.നാല് കിലോമീറ്റര് നീളവും 2 .4 കിലോമീറ്റർ വീതിയുമുള്ള എൽ എസ് 2 എന്ന സുരക്ഷിത മേഖലയിലാണ് പേടകം ഇറങ്ങുക. ലാൻഡറും റോവറും 14 ദിവസത്തോളം ചന്ദ്രനിൽ വിവിധ പരീക്ഷണങ്ങൾ നടത്തും.
കമ്മ്യൂണിക്കേഷൻസ് റിലേ ഉപഗ്രഹം കൂടിയായ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ തുടരും. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
Discussion about this post