ബംഗളൂരു: വീണ്ടുമൊരു യോഗത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ. ജൂലൈ 18 നാണ് രണ്ടാമത്തെ പ്രതിപക്ഷ പാർട്ടി യോഗം നടക്കുന്നത്. ഇത്തവണ ബംഗളൂരുവാണ് വേദി. 24 പാർട്ടി നേതാക്കൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. യോഗത്തിലേക്ക് ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്. ജൂൺ 23 ന് പാറ്റ്‌നയിൽ ആദ്യത്തെ യോഗം നടന്നിരുന്നു. അന്ന് 15 പാർട്ടികളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പദ്ധതികൾ തയ്യാറാക്കാനാണ് തിരക്കിട്ട് ഈ യോഗങ്ങൾ നടക്കുന്നത്.
എന്നാൽ 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ സഖ്യം ഇറങ്ങുക യുപിഎ (ഐക്യ പുരോഗമന സഖ്യം) എന്ന പേരിലായിരിക്കില്ല എന്നാണ് റിപ്പോർട്ട്. പുതിയ പേര് സംബന്ധിച്ച തീരുമാനം ബംഗളൂരുവിലെ യോഗത്തിലുണ്ടാവുമെന്ന് വിവരങ്ങളുണ്ട്. യുപിഎ അല്ലെങ്കിൽ പിന്നെ വേറെന്താവും പ്രതിപക്ഷ സഖ്യത്തിന്റെ പേര് എന്ന് ഉറ്റു നോക്കുകയാണ് പലരും.
അതേസമയം യോഗത്തിന്റെ ആരംഭത്തിൽ തന്നെ പല നേതാക്കന്മാരും സീറ്റ് വിഭജനത്തിനായി ചരടുവലികൾ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. വിജയെ ഏറെക്കുറെ ഉറപ്പാണെന്ന് തോന്നുന്ന സീറ്റുകൾ ആദ്യമേ പോക്കറ്റിലാക്കാനാണ് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ എൻസിപി പിളർന്ന് രണ്ടായതും പ്രതിപക്ഷ പാർട്ടികളുടെ ഐക്യ പ്രഖ്യാപനത്തിന് മങ്ങലേൽപ്പിക്കുന്ന ഒന്നായി.
Discussion about this post