തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലോകത്തിന്റെ ഏത് കോണിലുമുളള മലയാളിയ്ക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വി.ഡി സതീശൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടിപതറാതെ ആ പുതുപ്പള്ളിക്കാരൻ ജ്വലിച്ച് നിന്നു. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ല. അക്ഷരാർത്ഥത്തിൽ ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് സ്വന്തമായിരുന്നു. ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകൻ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന് വിടയെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.












