വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ, ഇന്ത്യയിൽ നിന്നും പല കാലങ്ങളിലായി കടത്തിക്കൊണ്ട് പോയ പുരാവസ്തുക്കൾ തിരികെ ഏൽപ്പിച്ച് അമേരിക്ക. അമേരിക്കൻ കള്ളക്കടത്ത് വിരുദ്ധ യൂണിറ്റും മാൻഹട്ടൻ ജില്ലാ അറ്റോർണിയും ചേർന്ന് ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗിനാണ്, 105 പുരാവസ്തുക്കൾ കൈമാറിയത്.
ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഇവ കേവലം പുരാവസ്തുക്കൾ മാത്രമല്ലെന്നും, ഇന്ത്യൻ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും നന്ദി പ്രകാശിപ്പിക്കവെ ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗ് സന്ധു അറിയിച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.
രണ്ടാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ നിർമ്മിച്ച കരകൗശല വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെട്ടവയിൽ പെടുന്നു. ടെറാകോട്ട, കല്ല്, ലോഹം, തടി എന്നിവയിൽ നിർമ്മിച്ച വസ്തുക്കളാണ് ഇവ. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുമായി ബന്ധപ്പെട്ട പുരാവസ്തുക്കളാണ് ഭൂരിഭാഗവും.
സാംസ്കാരിക മൂല്യങ്ങളുള്ള വസ്തുക്കളുടെ കള്ളക്കടത്ത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ തീരുമാനമായിരുന്നു. 2014ൽ അധികാരത്തിൽ വന്നതിന് ശേഷം, ഇന്ത്യൻ സാംസ്കാരിക പൈതൃകം പേറുന്ന അമൂല്യ വസ്തുക്കൾ രാജ്യത്ത് തിരികെ എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ 2016ലെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി 16 പുരാവസ്തുക്കളും 2021ൽ 157 കരകൗശല വസ്തുക്കളും അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു.
Discussion about this post