തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത പുറത്ത് വന്നിട്ടും ഗൗനിക്കാതെ രാഷ്ട്രീയ ചരടുവലികൾ തുടരുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് അർഹിച്ച പ്രധാന്യം നൽകാതെ തുടരുന്ന ബംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. പ്രതിപക്ഷം ഉമ്മൻചാണ്ടിയോട് അനാദരവ് കാണിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ശ്രീ ഉമ്മൻചാണ്ടി ഒരു കോൺഗ്രസ് പ്രവർത്തകനും കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി, 8 തവണ എംഎൽഎ, 4 തവണ മന്ത്രി, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സമർപ്പണത്തിന് സമാനതകളില്ല. എന്നിട്ടും, അതിശയകരമെന്നു പറയട്ടെ, സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി, അദ്ദേഹത്തിന്റെ അഭാവത്തിൽ പോലും അവരുടെ രാഷ്ട്രീയ ചരടുവലികൾ നിർത്തിയില്ല. ഒരു യഥാർത്ഥ നേതാവിന്റെ സംഭാവനകളെയും പാരമ്പര്യത്തെയും വിസ്മരിച്ച് അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ അതിർത്തികൾക്കതീതമായ അനാദരവാണെന്ന് കെ സുരേന്ദ്രൻ കുറിച്ചു.
അതേസമയം ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വോണുഗോപാലിന്റെ പ്രതികരണം ഏറെ വിമർശനത്തിന് കാരണമാകുന്നുണ്ട്. ” കോൺഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും നെടുംതൂണായ നേതാവ്,ജനങ്ങളെ ഒപ്പം നിർത്തി, 24 മണിക്കൂറും അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി പോരാടിയ ഒരു നേതാവ്, ജനങ്ങളിൽ നിന്നും വേർപിരിയുന്നത് ‘ അങ്ങേയറ്റത്തെ സന്തോഷത്തോടു കൂടിയാണ്’ അങ്ങേയറ്റത്തെ ദുഃഖത്തോടു കൂടിയാണ്..” എന്നായിരുന്നു കെസി വേണു ഗോപാലിന്റെ പ്രതികരണം. അടുത്തുനിന്ന കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ദുഃഖം എന്ന് തിരുത്തിയെങ്കിലും ഇത് ഒരു ഫ്രോയിഡ്യൻ സ്ലിപ്പ് ആണോയെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നത്.
സംസാരിക്കുന്നതിനിടയിൽ നമ്മൾ അറിയാതെ തന്നെ നമ്മളുടെ ഉള്ളിൽ ഒളിച്ചു വച്ചിരിക്കുന്ന മനോഭാവം ചെറിയ നാക്കു പിഴയായി സംഭാഷണങ്ങളിൽ വന്നു പോകുന്നതിനെയാണ് ഫ്രോയിഡ്യൻ സ്ലിപ്പ് എന്ന് മന:ശാസ്ത്രത്തിൽ പറയുന്നത്. കെ സി വേണുഗോപാൽ പറഞ്ഞ സന്തോഷം എന്ന വാക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ മനോഭാവത്തെ ആണ് വെളിവാക്കിയതെന്ന് വിമർശകർ പറയുന്നു.
Discussion about this post