ഇസ്ലാമാബാദ്: ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളെ പരിഹസിക്കുന്ന പാകിസ്താന്റെ മുൻ ശാസ്ത്രമന്ത്രി ഫവാദ് ചൗധരിയുടെ വാക്കുകൾ വൈറലാവുന്നു. ചന്ദ്രനെ കാണാൻ ഇത്രദൂരം പോകേണ്ടതില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നെക്കുറിച്ചുള്ള ടെലിവിഷൻ അവതാരകയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്ന ഫവാദ് ചൗധരി.
ചന്ദ്രയാൻ-3 യുടെ വിക്ഷേപണം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് ഫവാദ് ചൗധരിയുടെ വീഡിയോ പുറത്ത് വന്നത്. ഈദുൾ ഫിത്തറിനോട് അടുത്ത ദിനങ്ങളിലായിരുന്നു ചന്ദ്രയാൻ-3യുടെ വിക്ഷേപണം. അതിനാൽ തന്നെ ചന്ദ്രനെ കാണാൻ ഇത്ര ദൂരം സഞ്ചിക്കേണ്ടതില്ല എന്ന ചൗധരിയുടെ പ്രസ്താവന വളരെ വേഗം വൈറലാകുകയായിരുന്നു.
മുൻ പാക് മന്ത്രിയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ബഹിരാകാശത്തെ വൻ ശക്തിയായി ഇന്ത്യ മാറുമ്പോഴും പാകിസ്താന്റെ സുപാർകോ കിതയ്ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളേറെയും. ബഹിരാകാശത്തിന് ശ്രദ്ധ കൊടുക്കാതെ മിസൈലിനും ആണവപരീക്ഷണങ്ങൾക്കും ശ്രദ്ധ കൊടുക്കുന്ന സുപാർകോയുടെ പ്രവർത്തനളാണ് ചർച്ചയാവുന്നത്.
ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായതിനെ പരിഹസിച്ച് ഫവാദ് ഹുസൈൻ ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനിൽ ഇറങ്ങേണ്ടതിനു പകരം മുംബൈയിൽ കളിപ്പാട്ടം ഇറങ്ങി’ എന്നാണ് ദൗത്യത്തെ കളിയാക്കി ഫവാദ് ട്വിറ്ററിൽ അന്ന് കുറിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം
Discussion about this post