ന്യൂയോർക്ക്: ഇന്ത്യ ഇപ്പോൾ അതിന്റെ ശരിയായ സമയത്തും സ്ഥലത്തുമാണെന്ന് റിലയൻസ് ഫൗണ്ടേൻ ചെയർപേഴ്‌സൺ നിത അംബാനി. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
ദി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ ‘ദി ട്രീ ആൻഡ് ദി സെർപ്പന്റ് എന്ന കലാപ്രദർശനത്തെ നിതാ അംബാനിയുടെ കൾച്ചറൽ സെന്റർ പിന്തുണച്ചിരുന്നു. അതിന്റെ പ്രദർശനത്തിന് ന്യൂയോർക്കിൽ എത്തിയതായിരുന്നു അവർ. ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കാഴ്ചപ്പാട് ഞങ്ങൾക്കുണ്ട്. അതിനാൽ ഇവിടെയെത്തിയതിലും ഈ വലിയ പ്രദർശനത്തിന്റെ ഭാഗമാകുന്നതിലും താൻ സന്തുഷ്ടയാണെന്ന് നിത അംബാനി കൂട്ടിച്ചേർത്തു.
ദി ട്രീ ആൻഡ് ദി സെർപ്പന്റ് എന്ന പ്രദർശനം ബിസി രണ്ടാം നൂറ്റാണ്ട് മുതൽ എഡി 4 ാം നൂറ്റാണ്ട് വരെയുള്ള ബുദ്ധമത കലയുടെ ഭാഗമായാണ് നടത്തുന്നത്. ഇന്ത്യ ബുദ്ധമതത്തിന്റെ കളിത്തൊട്ടിലാണ്, ബുദ്ധമതം ഇന്ത്യൻ ധാർമ്മികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തെ വിവിധ മ്യൂസിയങ്ങളുമായി സഹകരിച്ച് കല ഇന്ത്യയിലേക്ക് കൊണ്ടുവരാനും തന്റെ ഫൗണ്ടേഷൻ നോക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് എങ്ങനെ മാറിയെന്നുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വളരെ രസകരമായാണ് നിത അംബാനി മറുപടി നൽകിയത്. ’21-ാം വയസ്സിൽ ഒരു യുവ വധുവായിട്ടാണ് ഞാൻ ആദ്യമായി ന്യൂയോർക്കിലെത്തിയത്. ഇന്ന് ഞാൻ വളരെ അഭിമാനിക്കുന്ന ഒരു ഇന്ത്യക്കാരിയായി ഇവിടെ ഇരിക്കുന്നു. ഭാരതീയതയിലും ഭാരതീയ സംസ്‌കാരത്തിലും ആഗോളതലത്തിൽ വളരെയധികം താൽപ്പര്യം ഉണ്ടായിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്ഥാനമാനങ്ങളിൽ വളരെയധികം വിലമതിപ്പും ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കളാണ് ഈ മാറ്റത്തിന് നേതൃത്വം നൽകുന്നതെന്ന് ഞാൻ കരുതുന്നുവെന്ന് നിത അംബാനി വ്യക്തമാക്കി.
Discussion about this post