ന്യൂഡൽഹി : ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്കാരിയാക്കി എന്നാരോപിച്ച് ദമ്പതികൾക്ക് നേരെ നാട്ടുകാരുടെ ആക്രമണം. ഡൽഹിയിലെ ദ്വാരകയിലാണ് എയർലൈൻസ് ജീവനക്കാരനായ ഭർത്താവിനെയും വനിതാ പൈലറ്റ് ആയ ഭാര്യയെയും ജനക്കൂട്ടം മർദ്ദിച്ചത്. 10 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ ഇവർ വീട്ടിൽ ജോലിക്കാരിയാക്കി നിർത്തി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പോലീസ് ഈ ദമ്പതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഐ പി സി 323, 324, 342 എന്നീ വകുപ്പുകളും ബാലവേല നിയമം , 75 ജെജെ ആക്ട് എന്നിവ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. രാവിലെ 9 മണിയോടെ ആയിരുന്നു നാട്ടുകാർ പോലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് ഡൽഹി പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
കഴിഞ്ഞ രണ്ടുമാസമായി 10 വയസ്സുകാരിയായ പെൺകുട്ടിയെ ഈ ദമ്പതികൾ വീട്ടിൽ ജോലിക്കാരിയായി നിർത്തിയിരിക്കുകയായിരുന്നു. പലപ്പോഴും ഇവർ പെൺകുട്ടിയോട് മോശമായി പെരുമാറുന്നതും മർദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് നാട്ടുകാർ ഈ വിഷയത്തിൽ ഇടപെടുകയും ദമ്പതികളെ മർദ്ദിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് ദ്വാരക ഡി സി പി എം ഹർഷവർധൻ അറിയിച്ചു. നിലവിൽ കുട്ടിക്ക് ആവശ്യമായ ചികിത്സകളും കൗൺസിലിങ്ങും നൽകിവരുകയാണ്.
Discussion about this post