എറണാകുളം: എസ്എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയിൽ.
ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൊല്ലം സ്വദേശിയായ അഭിഭാഷകൻ അപേക്ഷ നൽകി. ഹൈക്കോടതിയ്ക്ക് പുറമേ എജിയ്ക്കും അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ട്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ പരാമർശത്തിലാണ് സാനുവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെടുന്നു എന്നതായിരുന്നു സാനുവിന്റെ പരാമർശം. സാനു പരസ്യമായി രംഗത്ത് എത്തിയത് ജഡ്ജിയ്ക്കെതിരെയാണ്. അതിനാൽ കോടതിയലക്ഷ്യ നടപടി വേണം എന്നാണ് അഭിഭാഷകന്റെ ആവശ്യം.
സുപ്രീംകോടതിയിലെ മുൻ ജഡ്ജിമാരെപ്പോലെ ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന് വിധേയപ്പെട്ട് പ്രവർത്തിക്കുകയാണെന്നും, അതിനാൽ ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകൾ തിരുത്തുന്നതെന്നുമായിരുന്നു സാനുവിന്റെ പ്രതികരണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണോ ഇങ്ങനെ പ്രവർത്തിക്കുന്നതെന്ന് വിരമിച്ചതിന് ശേഷമേ പറയാനാകൂ എന്നും സാനു പറഞ്ഞിരുന്നു.
Discussion about this post