ന്യൂഡൽഹി : രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. സബ്സിഡിയുള്ള തക്കാളിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് 70 രൂപയായി കുറച്ചു. ഈ വിലയ്ക്ക് തക്കാളി ചില്ലറ വിൽപ്പന നടത്താൻ ഉപഭോക്തൃകാര്യ വകുപ്പ് എൻസിസിഎഫിനും നാഫെഡിനും നിർദ്ദേശം നൽകി.
ജൂലൈ 16 മുതൽ കിലോയ്ക്ക് 80 രൂപയ്ക്കാണ് തക്കാളി വിറ്റിരുന്നത്. ഇത് വീണ്ടും കുറച്ചുകൊണ്ടാണ് വില 70 രൂപയിൽ എത്തിക്കുന്നത്. നാളെ മുതലാണ് തക്കാളി കിലോയ്ക്ക് 70 രൂപയ്ക്ക് ലഭിക്കുക. ഒരാൾക്ക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാൻ സാധിക്കൂ.
കഴിഞ്ഞ ഒരു മാസത്തിനിടെ എൻസിസിഎഫും നാഫെഡും ചേർന്ന് ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് തക്കാളി സംഭരിക്കാൻ ആരംഭിച്ചിരുന്നു. ജൂലൈ 18 വരെ 391 മെട്രിക് ടൺ തക്കാളി രണ്ട് ഏജൻസികളും സംഭരിച്ചിട്ടുണ്ട്. ഇത് രാജസ്ഥാൻ, യുപി, ബീഹാർ എന്നിവിടങ്ങളിലെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെ ചില്ലറ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിതരണം ചെയ്യുകയാണ്. തക്കാളി സബ്‌സിഡി നിരക്കിൽ വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കും.
Discussion about this post