ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി നൽകിവരുന്ന പോയിന്റ്സ് ഓഫ് ലൈറ്റ് പുരസ്കാരം സ്വന്തമാക്കി ഏഴ് വയസ്സുകാരി. ഇന്ത്യൻ വംശജയായ മോക്ഷ റോയ് ആണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ സുസ്ഥിരതക്കു വേണ്ടി വാദിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും മോക്ഷ സ്വന്തമാക്കി.
ഇന്ത്യക്കാരായ സൗരവ് റോയിയുടെയും രാഗിണി ജി റോയിയുടെയും മകളാണ് മോക്ഷ. വെറും മൂന്ന് വയസ്സുള്ളപ്പോൾ തന്നെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര സംരംഭത്തിനായി സന്നദ്ധപ്രവർത്തനം ആരംഭിച്ചിരുന്നു ഈ മിടുക്കി പെൺകുട്ടി.
ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായ ഒലിവർ ഡൗഡനിൽ നിന്നാണ് മോക്ഷ റോയ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കുട്ടികളെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതുൾപ്പെടെ നിരവധി സുസ്ഥിരതാ കാമ്പെയ്‌നുകൾക്ക് ഇതിനു മുൻപും മോക്ഷയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ദരിദ്രരായ സ്കൂൾ കുട്ടികൾക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും മോക്ഷ പങ്കെടുത്തിട്ടുണ്ട്.
“യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ മോക്ഷ എല്ലാവർക്കും ഒരു മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് . സ്കൂൾ പാഠ്യപദ്ധതിയിൽ അവ ഉൾപ്പെടുത്തുന്നതിനും അവൾ കാര്യമായി പരിശ്രമിച്ചു. അവളുടെ സ്‌കൂൾ ഇനി പ്ലാസ്റ്റിക് ഗ്ലിറ്റർ, പ്ലാസ്റ്റിക് ആർട്ട് വസ്തുക്കൾ എന്നിവയൊന്നും ഉപയോഗിക്കില്ല. നമ്മൾ ഒരു മികച്ച ലോകം സൃഷ്ടിക്കാനായി ശ്രമിച്ചാൽ നമുക്ക് ചുറ്റുമുള്ളവരെയും മാറ്റിയെടുക്കാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ കൊച്ചു പെൺകുട്ടി ” എന്നാണ് മോക്ഷയെക്കുറിച്ച് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞത്.













Discussion about this post