നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി വാഴ്ത്തപ്പെടുന്ന ജസ്പ്രീത് ബുംറയെക്കുറിച്ച് രസകരമായ ഒരു ഓർമ്മ പങ്കുവെച്ച് ഇതിഹാസ താരം യുവരാജ് സിംഗ്. 16 വയസ്സുള്ളപ്പോൾ ബുംറ എറിഞ്ഞ മാരകമായ പന്തുകൾ നേരിടാൻ താൻ ബുദ്ധിമുട്ടിയിരുന്നെന്നും അവനെ അവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടെന്നും യുവരാജ് വെളിപ്പെടുത്തി. ‘ദി ഓവർലാപ്പ് ക്രിക്കറ്റ്’ എന്ന പരിപാടിയിൽ മൈക്കൽ വോണുമായി സംസാരിക്കുകയായിരുന്നു യുവി.
കാൻസർ ചികിത്സ കഴിഞ്ഞ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്ന കാലത്താണ് യുവരാജ് ആദ്യമായി ബുംറയെ നേരിടുന്നത്.”ബുംറയ്ക്ക് അന്ന് 16 വയസ്സാണ് പ്രായം. നെറ്റ്സിൽ അവൻ എനിക്ക് നേരെ പന്തെറിയുകയായിരുന്നു. അവന്റെ പന്തുകൾ അത്രമേൽ മാരകമായിരുന്നു. ‘ഈ കുട്ടിയെ ഇവിടെ നിന്ന് മാറ്റൂ, ഇവൻ എനിക്ക് നേരെ പന്തെറിയുന്നത് നിർത്തണം’ എന്ന് എനിക്ക് പറയേണ്ടി വന്നു. ഞാൻ തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്യുന്ന സമയമായിരുന്നു അത്, പക്ഷേ അവൻ അതിവേഗത്തിലാണ് പന്തെറിഞ്ഞിരുന്നത്.” – യുവരാജ് ഓർത്തെടുക്കുന്നു.
വർഷങ്ങൾക്ക് ശേഷം ബുംറയോട് തന്നെ താൻ ഈ കഥ പറഞ്ഞിട്ടുണ്ടെന്ന് യുവരാജ് വെളിപ്പെടുത്തി. “നീ അമിത വേഗതയിൽ പന്തെറിയുന്നത് കൊണ്ട് നിന്നെ നേരിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ഞാൻ അവനോട് പറഞ്ഞത്.” അന്ന് നീളമുള്ള റൺ-അപ്പ് ഉണ്ടായിരുന്ന ബുംറയ്ക്ക് പന്ത് ബൗൺസ് ചെയ്യിക്കാനും ബാറ്റിന്റെ റിബ്ബിലേക്ക് പായിക്കാനും പ്രത്യേക കഴിവുണ്ടായിരുന്നെന്നും യുവി കൂട്ടിച്ചേർത്തു.
ബുംറ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്ന കാര്യത്തിൽ തനിക്ക് സംശയമില്ല എന്നും യുവരാജ് പറഞ്ഞു. “ബാറ്റർമാർക്ക് അവനെ ആക്രമിക്കാൻ പേടിയാണ്. ബുംറ പന്തെറിയുമ്പോൾ വിക്കറ്റ് നൽകാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നത്. ബുംറയുടെ സ്ലോവർ ബോളുകൾ കണ്ടെത്തുക എന്നത് ഏതൊരു ബാറ്റർക്കും അസാധ്യമായ കാര്യമാണ്. അതുകൊണ്ടാണ് ഏത് ഫോർമാറ്റിലും അദ്ദേഹം അജയ്യനായി തുടരുന്നത്.” അദ്ദേഹം പറഞ്ഞു നിർത്തി.











