ഇന്ത്യൻ വ്യോമസേന എയർബസിൽ നിന്ന് വാങ്ങുന്ന 56 എയർബസ് സി-295 വിമാനങ്ങളുടെ ആദ്യബാച്ച് നിർമ്മാണം ഏതാണ്ട് പൂർത്തിയായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വിമാനം പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. സ്പെയിനിലെ സെവിൽ നഗരത്തിലെ എയർബസ് നിർമ്മാണശാലയിലാണ് വിമാനങ്ങൾ തയ്യാറാവുന്നത്. ‘ഭാരതീയ വായു സേന’ എന്ന് ദേവനാഗരിയിൽ എഴുതിയ എയർബസ് സി-295 വിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തുന്ന ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടമായി പതിനാറ് വിമാനങ്ങളാണ് സ്പെയിനിൽ നിർമ്മിക്കുന്നത്. ഈ വിമാനങ്ങൾ ഈ വർഷം സെപ്റ്റംബറോടെ വ്യോമസേനയ്ക്ക് ലഭിച്ചു തുടങ്ങും. 2025 ഓഗസ്റ്റോടെ മുഴുവൻ വിമാനങ്ങളും വ്യോമസേനക്ക് സ്വന്തമാകും. ഈ വിമാനം ഉപയോഗിക്കാൻ ഭാരതീയ വ്യോമസേനയിലെ വൈമാനികരുടെ ആദ്യബാച്ച് പരിശീലനം സ്പെയിനിൽ പൂർത്തിയായതായി എയർബസ് അറിയിച്ചു. വ്യോമസേനയുടെ രണ്ടാം ബാച്ച് പൈലറ്റുമാർ അടുത്ത് തന്നെ പരിശീലനത്തിനായി സ്പെയിനിലെത്തും. എയർബസിൻ്റെ ഒരു പരിശീലന കേന്രം ആഗ്രയിൽ നിർമ്മാണം പൂർത്തിയാവുകയാണ്. എയർബസ് അധികൃതരും വ്യോമസേനയുടെ ഉന്നത വൈമാനികരും ചേർന്ന് ഈ പരിശീലനകേന്ദ്രത്തിൻ്റെ ഭൂമിപൂജ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയിരുന്നു.
ആദ്യ പതിനാറ് വിമാനങ്ങൾ സ്പെയിനിലാണ് നിർമ്മിക്കുക. ഒപ്പം ബാക്കിയുള്ള നാൽപ്പത് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് എയർബസുമായി നാം കരാർ നടത്തിയിരിക്കുന്നത്. ഇന്ത്യൻ വിമാന നിർമ്മാണ വ്യവസായത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന കരാറാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മേക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ടാറ്റ ഗ്രൂപ്പുമായി സഹകരിച്ചാവും എയർബസ് ഈ വിമാനങ്ങൾ നിർമ്മിക്കുക. ഇതിനായി ടാറ്റയും എയർബസും ചേർന്ന് ഗുജറാത്തിലെ വഡോദരയിൽ സ്ഥാപിച്ച നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണ്.
വഡോദരയിലെ നിർമ്മാണശാല 2024 മദ്ധ്യത്തോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നാണ് ടാറ്റ-എയർബസ് അധികൃതർ അറിയിക്കുന്നത്. ആദ്യഘട്ടത്തിൽ ഹൈദരാബാദിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിൻ്റെ നിർമ്മാണശാലയിൽ വിമാനത്തിൻ്റെ ഭാഗങ്ങൾ നിർമ്മിച്ച ശേഷം വഡോദരയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൈദരാബാദിലെ നിർമ്മാണശാലയിൽ അടുത്ത ആഴ്ച തന്നെ സി-295 വിമാനഭാഗങ്ങൾ നിർമ്മിച്ചു തുടങ്ങും.
ആയുധങ്ങളേയും സൈനികരേയും യന്ത്രഭാഗങ്ങളേയും മറ്റും കൊണ്ടുപോകാനാകുന്ന ചരക്ക് യുദ്ധവിമാനങ്ങളാണ് എയർബസ് സി-295. ചരിത്രത്തിലാദ്യമായാണ് എയർബസ് ഉൽപ്പാദനം മുഴുവനായി യൂറോപ്പിന് പുറത്തുള്ള മറ്റൊരു രാജ്യത്ത് നടത്തുന്നത്.
വ്യോമസേനക്ക് 56 വിമാനങ്ങൾ നിർമ്മിച്ചുകഴിഞ്ഞാൽ ടാറ്റ-എയർബസ് വഡോദര നിർമ്മാണശാലയിൽ നാവിക സേനക്കും കോസ്റ്റ് ഗാർഡിനും അതിർത്തി രക്ഷാ സേനയ്ക്കും വേണ്ടി സി-295 വിമാനങ്ങൾ നിർമ്മിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വിമാനനിർമ്മാണശാലകളിലൂടെ 15000 വിദഗ്ധ തൊഴിലാളികൾക്ക് നേരിട്ടും 10000 പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 21,935 കോടി രൂപയാണ് ഈ വിമാനങ്ങൾ വാങ്ങാനായി വ്യോമസേന ചിലവാക്കുന്നത്. എന്നാൽ 40 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിണമെന്ന കരാർ വ്യവസ്ഥയിലൂടെ ഈ തുകയുടെ മൂന്നിലൊരു ഭാഗവും നിർമ്മാണശാലകൾക്കായും അസംസ്കൃത വസ്തുക്കൾ വാങ്ങാനായും ഇന്ത്യയിൽ തന്നെ എയർബസ് നിക്ഷേപിക്കും. അതുവഴി ഇന്ത്യൻ നിർമ്മാണമേഖലക്ക് വൻ കുതിച്ചുകയറ്റവുമുണ്ടാകും. ഇപ്പോൾത്തന്നെ 125 ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ഇതിനുവേണ്ട വിവിധ യന്ത്രഭാഗങ്ങൾ നിർമ്മിക്കാനുള്ള ഉപകരാർ ടാറ്റ-എയർബസ് നൽകിക്കഴിഞ്ഞു.
Discussion about this post