കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പുതുപള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് 12 മണിയോടെ വസതിയിൽവെച്ചുള്ള ശുശ്രൂഷ ചടങ്ങുകൾക്കുശേഷം ഒരു മണിയോടെയായിരിക്കും പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതൽ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലിൽ പൊതുദർശനം ഉണ്ടായിരിക്കും. മൂന്നരയോടെ പരി. ബസേലിയോസ് മാർത്തോമ്മ, മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ എന്നിവർ ചേർന്ന് അന്ത്യശുശ്രൂഷ നൽകും. വൈകിട്ട് അഞ്ചു മണിയോടെ അനുശോചന സമ്മേളനം ചേരും.
പള്ളിമുറ്റത്ത് വൈദികരുടെ കല്ലറകളോട് ചേർന്നാണ് കേരള രാഷ്ട്രീയത്തിലെ അതികായകരിലൊരാളുടെ വിശ്രമസ്ഥലം ഒരുങ്ങുന്നത്. ഓർത്തഡോക്സ് സഭ വിശ്വാസം അനുസരിച്ച് വൈദികരെ സാധാരണ പള്ളിമുറ്റത്താണ് അടക്കം ചെയ്യാറുള്ളത്. സാധാരണക്കാരായ മറ്റുള്ള ആളുകളെ സെമിത്തേരിയിലും അടക്കം ചെയ്യും. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സഭാ നടപടികളിൽ തന്നെ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. വൈദികരുടെ കുഴിമാടങ്ങളോട് ചേർന്ന് പുതിയൊരു കല്ലറ പണിയുന്നുണ്ട്. അവിടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരിക്കും സംസ്‌കാരം. മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്താനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ മറിയം പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചു. സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം നേരത്തേ സർക്കാറിനെ അറിയിച്ചിരുന്നെങ്കിലും ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.












