കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. നിറപുഞ്ചിരിയുമായി ഏവരെയും എപ്പോഴും സ്വാഗതം ചെയ്യുന്ന വിശാല മനസിന്റെ അതിരുകളില്ലാത്ത സ്നേഹസ്പർശം ദീപ്തമായ ഓർമ്മയാവുകയാണ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന നാൾ മുതൽ ആരംഭിച്ച സൗഹൃദം വ്യത്യസ്ത ചേരികളിൽ നിന്നു പരസ്പരം പോരാടിയപ്പോഴും കൈവിടാതെ ഊട്ടി ഉറപ്പിച്ചുവെന്നത് അദ്ദേഹത്തിന്റെ സ്വാഭാവത്തിന്റെ നിറപ്പകിട്ടാർന്ന സവിശേഷത ഒന്നു കൊണ്ടു മാത്രമാണെന്ന് ഫേസ്ബുക്കിൽ കുമ്മനം കുറിച്ചു.
തിരക്കുകൾക്കിടയിലും പറയുന്നതെല്ലാം സൗമനസ്യപൂർവ്വം കേട്ടു. നിരവധി വിഷയങ്ങളിൽ കടുത്ത അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയപ്പോഴും തമ്മിലുണ്ടായിരുന്ന ഹൃദയബന്ധം ഒരിക്കലും അറ്റുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും കുമ്മനം പറഞ്ഞു.
പുതുപ്പളളിയിലെ വീട്ടുമുറ്റവും തെരുവോരങ്ങളും കർമ്മഭൂമിയും അവസാനമായി വിടചൊല്ലുമ്പോൾ പകരം വെക്കാനില്ലാത്ത രാഷ്ട്രീയനേതാവിന്റെ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീഴുകയാണ്. പച്ചയായ മനുഷ്യൻ സ്വച്ഛമായ ലോകത്തേക്ക് യാത്രയാകുമ്പോൾ പൊതുജീവിതത്തിൽ കാത്തുസൂക്ഷിച്ച മൂല്യങ്ങൾ അണയാത്ത ദീപമായി പ്രശോഭിക്കും. ഉമ്മൻ ചാണ്ടിയുടെ സ്മരണക്ക് മുന്നിൽ അനന്തകോടി പ്രണാമം അർപ്പിക്കുകയാണെന്നും കുമ്മനം കുറിച്ചു.












