വാഷിംഗ്ടൺ: വ്യത്യസ്ത മൂലകങ്ങളാൽ നിർമ്മിതമായ, രണ്ട് മുഖങ്ങളുള്ള വെള്ളക്കുള്ളൻ നക്ഷത്രം ശാസ്ത്രലോകത്തിന് കൗതുകമാകുന്നു. ഇരട്ട മുഖമുള്ള റോമൻ ദേവനായ ജാനസിന്റെ പേര് നൽകിയിരിക്കുന്ന ഈ നക്ഷത്രം ആയിരം പ്രകാശവർഷങ്ങൾ അകലെ സൈഗ്നസ് നക്ഷത്രസമൂഹത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കൻ ഗവേഷകരാണ് നക്ഷത്രം കണ്ടെത്തിയിരിക്കുന്നത്. തിളക്കം അനുനിമിഷം മാറിമറിയുന്ന ഈ നക്ഷത്രം, ഓരോ 15 മിനിറ്റിലും സ്വന്തം അച്ചുതണ്ടിൽ കറങ്ങിത്തിരിയുന്നു. രണ്ട് മുഖങ്ങളിലുമുള്ള വ്യത്യാസമാണ് ഈ നക്ഷത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു വശം പൂർണമായും ഹീലിയം നിറഞ്ഞിരിക്കുന്ന നക്ഷത്രത്തിന്റെ മറുവശം പൂർണമായും ഹൈഡ്രജനാണ്.
കാഴ്ചയിൽ ഇരുവശങ്ങളും നീല നിറത്തിലാണ് കാണപ്പെടുന്നതെങ്കിലും, ഹീലിയം നിറഞ്ഞ ഭാഗം സൂര്യനെ പോലെ പാടുകൾ നിറഞ്ഞതാണ്. എന്നാൽ ഹൈഡ്രജൻ ഭാഗം പൂർണമായും ഒരേ നിലയിൽ, പാടുകൾ ഇല്ലാതെയാണ് കാണപ്പെടുന്നത്. ഈ വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ ഉപരിതലം ഒരു വശത്ത് നിന്നും മറുവശത്തേക്ക് പൂർണമായും മാറിക്കൊണ്ടിരിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.
ഒരു കാലത്ത് സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുകയും പിൽക്കാലത്ത് പ്രഭ മങ്ങുകയും ചെയ്യുന്ന നക്ഷത്രങ്ങളാണ് വെള്ളക്കുള്ളന്മാർ എന്ന് അറിയപ്പെടുന്നത്. ഒരു നക്ഷത്രം പ്രായമാകുന്നതോടെ, തനിക്ക് ചുറ്റുമുള്ള ബാഹ്യമൂലകങ്ങളെ പുറന്തള്ളി, ആദ്യം ചുവപ്പ് ഭീമനായി മാറുന്നു. പിന്നീടാണ് ഇവ ചുരുങ്ങി വെള്ളക്കുള്ളന്മാർ ആകുന്നത്.
വെള്ളക്കുള്ളന്മാരിൽ ഭാരമുള്ള മൂലകങ്ങൾ കേന്ദ്രത്തിലേക്ക് ആണ്ടുപോകുന്നു. തുടർന്ന് നേർത്ത ഹൈഡ്രജൻ ആവരണത്തിന് താഴെ ഹീലിയം ആവരണം രൂപപ്പെടുന്നു. നക്ഷത്രം തണുക്കുന്നതിനനുസരിച്ച് ഹീലിയം ആവരണം വികസിക്കുകയും കാലക്രമത്തിൽ പുറമേയുള്ള ഹൈഡ്രജൻ ആവരണം ഇല്ലാതാകുകയും ചെയ്യുന്നു.
വെള്ളക്കുള്ളന്മാരുടെ പരിണാമദശയിലൂടെ കടന്നുപോകുന്നത് കൊണ്ടാവാം, ജാനസിന് ഇരട്ട മുഖം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഉപരിതലത്തിലെ ഹൈഡ്രജന് മേൽ ഹീലിയം അധീശത്വം നേടുന്ന സംക്രമണ കാലഘട്ടത്തിലൂടെ ജാനസ് കടന്ന് പോകുകയായിരിക്കാം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു നക്ഷത്രത്തിന്റെ ആദ്യ ചിത്രമാകാം ഒരുപക്ഷേ ഇതെന്നാണ് ഗവേഷക സംഘാംഗം ഡോക്ടർ കയാസൊ അഭിപ്രായപ്പെടുന്നത്. ഈ പ്രതിഭാസത്തിന് പിന്നിലെ കാന്തികതയുടെ സ്വാധീനത്തെ കുറിച്ചും പഠനം നടത്താൻ ഒരുങ്ങുകയാണ് ശാസ്ത്രജ്ഞർ.










Discussion about this post