ന്യൂഡൽഹി: പാസ്‌വേർഡ് പങ്കുവെക്കലിൽ പുതിയ മാറ്റവുമായി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്. പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് ഇന്ത്യയിൽ നിർത്തിയതായി കമ്പനി അറിയിച്ചു. ഇന്ത്യയിൽ ഇനി മുതൽ പാസ്‌വേർഡ് പങ്കുവെക്കൽ ഓപ്ഷൻ ഉണ്ടാവില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്പനി അറിയിച്ചു. നെറ്റ്ഫ്ളിക്സിന്റെ അക്കൗണ്ട് ഉള്ളവർക്ക് ഔദ്യോഗികമായി ഇ മെയിൽ സന്ദേശം അയച്ചാണ് കമ്പനി പാസ്‌വേർഡ് ഷെയർ അവസാനിപ്പിച്ചത്.
ഒരു നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരു വീട്ടിലുള്ളവർക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ്ഫ്ളിക്സ് ഉപയോഗിക്കാം. വീട്ടിൽ, യാത്രയിൽ, അവധി ദിവസങ്ങളിൽ എന്നിങ്ങനെ എപ്പോഴും ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ പ്രൊഫൈൽ കൈമാറുക, ആക്സസും ഡിവൈസും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകളും പ്രയോജനപ്പെടുത്താൻ സ്വാധിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യുവാക്കളെ അടക്കം കാര്യമായ രീതിയിലാണ് പെട്ടെന്നുണ്ടായ നെറ്റ്ഫ്ളിക്സിന്റെ പ്രഖ്യാപനം ബാധിച്ചിരിക്കുന്നത്. കമ്പനിയുടെ വരുമാനം കൂട്ടാനുളള പുതിയ നടപടിയാണെന്നാണ് നെറ്റ്ഫ്ളിക്സ് കാരണമായി പറഞ്ഞിട്ടുളളത്.
വ്യത്യസ്ഥതയാർന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ എന്നീ ദൃശ്യാവിഷ്‌ക്കാരങ്ങളൊരുക്കി, ആളുകളുടെ വിനോദത്തിനായി ആവശ്യാനുസരണം നിരവധി ചോയിസുകളാണ് നെറ്റ്ഫ്ളിക്സ് ഒരുക്കിയിട്ടുളളത്.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മെക്‌സിക്കോ,ബ്രസീൽ എന്നീ രാജ്യങ്ങളിലടക്കം നെറ്റ്ഫ്ളിക്സിന്റെ പാസ്‌വേർഡ് ഷെയർ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post