ഫിഫ പുരുഷ ഫുട്ബോള്‍ ടീം റാങ്കിംഗില്‍ ഇന്ത്യ 2018 ന് ശേഷം ആദ്യമായി നില മെച്ചപ്പെടുത്തി. പുതിയ റാങ്കിംഗ് പ്രകാരം 99-ാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്ബോള്‍ ടീം. ജൂണ്‍ മാസത്തെ റാങ്കിംഗില്‍ നിന്ന് ഒരു സ്ഥാനമാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ഏഷ്യന്‍ ടീമുകളുടെ റാങ്കിംഗില്‍ കഴിഞ്ഞ തവണത്തെ 18-ാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.
സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതായിരുന്നു ഇത്തവണ റാങ്കിംഗിൽ ഇന്ത്യക്ക് തുണയായത്. കുവൈത്തുമായി നടന്ന ഫൈനൽ മത്സരത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ആയിരുന്നു സുനിൽ ചേത്രി നയിച്ച ഇന്ത്യൻ ടീം കപ്പുയർത്തിയത്.
സാഫ് ചാമ്പ്യന്‍ഷിപ്പിന് മുൻപ് നടന്ന ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പിലും ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. നിലവിലെ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാക്കിന് കീഴില്‍ വളരെ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യൻ ഫുട്ബോള്‍ ടീം കാഴ്ചവെയ്ക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഫിഫ റാങ്കിംഗിൽ 106-ാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത് നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് . രണ്ടാം സ്ഥാനത്ത് ഫ്രാന്‍സും മൂന്നാമതായി ബ്രസീലും ആണ് ഉള്ളത്. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും അഞ്ചാം സ്ഥാനത്ത് ബെല്‍ജിയവുമാണ് ഉള്ളത്. ക്രൊയേഷ്യ , നെതര്‍ലന്‍ഡ്‌സ് ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഉള്ള മറ്റു രാജ്യങ്ങൾ.
Discussion about this post