ഡെറാഡൂൺ : പുതിയ കാമുകനൊപ്പം പോകാൻ വേണ്ടി പഴയ കാമുകനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. വ്യാപാരിയായ യുവാവിനെ കഴിഞ്ഞ ദിവസമാണ് ഹൽദ്വാനി പോലീസ് സ്റ്റേഷൻ പരിധിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ജൂലൈ 15 നാണ് രാംബാഗ് കോളനി സ്വദേശിയായ അൻകിത് ചൗഹാൻ എന്ന യുവാവിനെ രാംപുർ റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻറെ എസിയിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചാകാം മരണം എന്നായിരുന്നു പോലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തമായി. യുവാവിന്റെ രണ്ട് കാലുകളിലും പാമ്പുകടിയേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മഹി ആര്യ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നതായി കണ്ടെത്തിയത്. എന്നാൽ അടുത്തിടെയായി ഇവർ അകന്നു നിൽക്കുകയായിരുന്നു. തുടർന്ന് യുവതി ദീപ്കാന്ത് എന്ന യുവാവുമായി അടുപ്പത്തിലായി.
ആര്യയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോഴാണ് ഇവർ പാമ്പാട്ടിയായ രമേശ് നാഥുമായി നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് 10000 രൂപയ്ക്ക് ഒരു മൂർഖൻ പാമ്പിനെ യുവതിക്ക് നൽകിയതായി ഇയാൾ വെളിപ്പെടുത്തിയത്. അൻകിത് തന്നെ നിരന്തരം ശല്യം ചെയ്യുന്നുണ്ടെന്നും ഇയാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാനാണ് പദ്ധതിയെന്നും ഇയാളോട് യുവതി പറഞ്ഞിരുന്നു. അൻകിത് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുവതി പുതിയ കാമുകനുമായി നേപ്പാളിലേക്ക് കടന്നത്.
Discussion about this post