ന്യൂഡൽഹി: കേരളത്തിൽ സജീവമായിക്കൊണ്ടിരുന്ന ഐഎസിന്റെ സംഘത്തെ തകർത്തതായി ദേശീയ അന്വേഷണ ഏജൻസി. പ്രമുഖ ആരാധനാലയങ്ങൾക്കും മതനേതാക്കൾക്കും നേരെ ആക്രമണത്തിന് കോപ്പു കൂട്ടിയ സംഘത്തിന്റെ വേരാണ് എൻഐഎ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലൂടെ അറുത്തത്.
രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം അനുസരിച്ച് കേരള പോലീസിന്റെ എടിഎസുമായി ചേർന്ന് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. സത്യമംഗലം കാട്ടിൽ വച്ച് തൃശൂർ സ്വദേശിയായ ഭീകര നേതാവ് ആഷിഫിനെ എൻഐഎ പിടികൂടിയിരുന്നു. ആഷിഫ് അടക്കം മൂന്ന് പേരാണ് സത്യമംഗലം കാട്ടിൽവച്ച് ഇന്നലെ അറസ്റ്റിലായത്. പിടിയിലായ സെയ്ദ് നബീൽ അഹമ്മദ്, ഷിയാസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഇവരുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഗൂഢാലോചന വെളിപ്പെടുത്തുന്ന തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി വൻ കൊള്ളകളിലൂടെ ഫണ്ട് ശേഖരിച്ച് വരികയായിരുന്നു ആഷിഫും സംഘവും. ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗർ പ്രദേശത്ത് വീട് വാടകക്കെടുത്താണ് താമസിച്ചിരുന്നത്. പാടൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്.
സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ ആക്രമണം നടത്തുകയും അത് വഴി മതസ്പർദ വളർത്തി കലാപം സൃഷ്ടിക്കാനായിരുന്നു ഭീകരരുടെ ശ്രമമെന്ന് എൻഐഎ വ്യക്തമാക്കി.
Discussion about this post