പാലക്കാട് : വാളയാർ മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലി പണം പിടികൂടി. ചെക്ക് പോസ്റ്റിൽ വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൗണ്ടറിലിരുന്നതോടെ ലോറിക്കാൻ കൈക്കൂലി പണം കൈയ്യിൽ കൊണ്ടുവന്ന് നൽകുകയായിരുന്നു. 10,200 രൂപയാണ് കൈക്കൂലിയായി ലഭിച്ചത്. പരിശോധനയിൽ നികുതിപ്പണത്തിലും തിരിമറി നടന്നതായി കണ്ടെത്തി.
ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ വേഷം മാറി ചെക്ക്‌പോസ്റ്റിൽ എത്തിയത്. കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധനയ്ക്കായി വിജിലൻസ് എത്തിയത്. എന്നാൽ പരിശോധന നടക്കുന്നുണ്ടെന്ന് അറിയാതെ ഡ്രൈവർമാർ കൗണ്ടറിലെത്തി കൈക്കൂലി നൽകുകയായിരുന്നു. അൽപസമയത്തിന് ശേഷം പരിശോധനാവിവരം പുറത്തുവന്നപ്പോൾ ഇവർ പണം കൊടുക്കുന്നത് നിർത്തി.
ഇതിന് പുറമേ നികുതി പണത്തിലും തിരിമറി നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രശീതി നൽകി സർക്കാരിലേക്ക് ഈടാക്കിയ പണത്തിൽ 31,500 രൂപയുടെ കുറവ് കണ്ടെത്തി. കൈക്കൂലിപ്പണം എടുത്തുമാറ്റുന്നതിനിടെ കണക്കിൽപ്പെട്ട പണവും മാറ്റിയതാകാമെന്നാണ് വിജിലൻസിന്റെ നിരീക്ഷണം.
Discussion about this post