മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന് വീണ്ടും തിരിച്ചടി. നാഗാലാൻഡിലെ മുഴുവൻ എൻസിപി എംഎൽഎമാരും അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. നാഗാലാൻഡിലെ ഏഴ് എംഎൽഎമാർക്ക് പുറമെ ജില്ലാ നേതാക്കളും അജിത് പവാറിന് പിന്തുണയേകിയിട്ടുണ്ട്. എൻസിപി നാഗാലാന്റ് പ്രസിഡന്റ് വന്തുങ്കോ ഒദ്യുവോ ആണ് നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾക്ക് പിന്നാലെയുണ്ടായ എംഎൽഎമാരുടെ ഈ നിലപാട് മാറ്റം ശരദ് പവാർ പക്ഷത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ എൻസിപിക്ക് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള സംസ്ഥാനമാണ് നാഗാലൻഡ്. എന്നാൽ കേരളത്തിലെ എൻസിപി ഘടകം ശരദ് പവാർ വിഭാഗത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നാഗാലാൻഡ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴിടത്ത് ജയിച്ചാണ് എൻസിപി സംസ്ഥാനത്ത് കരുത്ത് തെളിയിച്ചത്. തുടർന്ന് സംസ്ഥാന താത്പര്യം കണക്കിലെടുത്ത് അന്ന് ബിജെപി- എൻഡിപിപി സഖ്യ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു.
ജൂലൈ 2നാണ് അജിത് പവാർ മഹാവികാസ് അഘാഡി വിട്ട് ബിജെപി -ശിവസേന സഖ്യത്തിനൊപ്പം ചേർന്നത്. 33 എം.എൽ.എമാരുടെ പിന്തുണ അജിത് പവാർ പക്ഷത്തിനും ഇരുപത് എംഎൽഎമാരുടെ പിന്തുണ ശരത് പവാറിനും ഉണ്ട്. ഇരു പക്ഷവും ശക്തിപ്രകടനത്തിനായി യോഗങ്ങളും വിളിച്ച് ചേർത്തിരുന്നു.
അതേസമയം യഥാർത്ഥ എൻസിപി തങ്ങളാണെന്ന് അവകാശപ്പെട്ട അജിത് പവാർ മുതിർന്ന പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുടെ പിന്തുണ നേടിയിട്ടുണ്ട്. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുതിർന്ന നേതാക്കളെ പുറത്താക്കുകയും യഥാർത്ഥ എൻ സി പി തങ്ങളാണെന്ന് ശരദ് പവാറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരു പക്ഷവും പാർട്ടി ചിഹ്നത്തിന്റെയും പേരിന്റെയും അവകാശത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.
Discussion about this post