ന്യൂഡൽഹി: രാജ്യത്തെ മുസ്ലീം ജനസംഖ്യയിൽ ഗണ്യമായ മാറ്റം. ഈ വർഷത്തോടെ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 19.7 കോടിയാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 2011ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 14.2% മുസ്ലീങ്ങളാണെന്നും 2023-ൽ അവരുടെ ജനസംഖ്യാ വിഹിതം വർദ്ധിക്കുമെന്നും ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ വ്യക്തമാക്കി.
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 17.2 കോടി ആയിരുന്നു, 2023 ൽ രാജ്യത്തെ ജനസംഖ്യ 138.8 കോടിയാണ്. മുസ്ലീം സമുദായത്തിലെ സാക്ഷരതാ നിരക്ക്, തൊഴിൽ പങ്കാളിത്തം, മുസ്ലീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ കുറിച്ചും മന്ത്രി വിവരങ്ങൾ കൈമാറി
സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തിയ സർവേയിൽ ഏഴ് വയസും അതിൽ കൂടുതലുമുള്ള മുസ്ലീങ്ങളുടെ സാക്ഷരതാ നിരക്ക് 77.7% ആണെന്നും എല്ലാ പ്രായക്കാരുടെയും തൊഴിൽ പങ്കാളിത്ത നിരക്ക് 35.1% ആണെന്നും വെളിപ്പെടുത്തി. കൂടാതെ, മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുകളുള്ള മുസ്ലീങ്ങൾ 94.9% ആണ്. മെച്ചപ്പെട്ട ടോയ്ലറ്റുകളുള്ളവർ 97.2% ആണെന്നും 50.2% മുസ്ലീം കുടുംബങ്ങൾ 2014 മാർച്ച് 31 ന് ശേഷം പുതിയ വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്തു.
ഈ കണക്കുകൾ മുസ്ലീങ്ങളുടെ വളർച്ചാ നിരക്കിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കി.
ഇതിന് മുൻപ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവിത സാഹചര്യം പാകിസ്താനേക്കാൾ മെച്ചപ്പെട്ടതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. മുസ്ലിം ജനസംഖ്യ വർധിച്ചു വരികയാണെന്നും രാജ്യത്ത് ന്യൂനപക്ഷ സമുദായം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളെ ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.








