വന്ദേമാതരം ആലപിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സമാജ് വാദി പാർട്ടി എംഎൽഎ അബു ആസ്മിയെ വിമർശിച്ച് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിന്നുള്ള മുസ്ലീം നേതാക്കൾ രംഗത്ത്.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈൻ ദൽവായി അബു ആസ്മിയെ രൂക്ഷമായി വിമർശിച്ചു. വന്ദേമാതരം ചൊല്ലുന്നതിൽ നിന്ന് ഒരു ഇന്ത്യൻ മുസ്ലീമിനെ തടയുന്ന യാതൊന്നും ഇസ്ലാമിലില്ല എന്നും ഹുസൈൻ ദൽവായി വ്യക്തമാക്കി. അബു ആസ്മി ഖുറാൻ വളച്ചൊടിച്ചെന്നും എംപിസിസി വൈസ് പ്രസിഡന്റ് ആരോപിച്ചു. ദേശീയഗീതം ആലപിക്കുകയും സ്വന്തം മതവിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിരവധി മുസ്ലീങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും ദൽവായി പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയുടെ മൺസൂൺ സമ്മേളനത്തിലാണ് അബു ആസ്മി വന്ദേമാതരം ചൊല്ലാൻ വിസമ്മതിച്ചത്. ‘എന്റെ മതം അനുവദിക്കുന്നില്ല’ എന്നാണ് ഇതിനെക്കുറിച്ച് സമാജ്‌വാദി എം.എൽ.എ പറഞ്ഞത്. ബുധനാഴ്ച ഔറംഗബാദിൽ നടന്ന വർഗീയ കലാപത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവെ ആണ് ഒരു മുസ്ലീം എന്ന നിലയിൽ തനിക്ക് ദേശീയഗീതം ആലപിക്കാൻ കഴിയില്ലെന്ന് അബു ആസ്മി പറഞ്ഞത് . ഖുറാൻ അനുസരിച്ച് ഒരു മുസ്ലിമിന് അല്ലാഹുവിന്റെ അല്ലാതെ മാറ്റാരുടെയും മുമ്പിൽ തല കുനിക്കാൻ കഴിയില്ല എന്നും അബു ആസ്മി വ്യക്തമാക്കിയിരുന്നു.
വന്ദേമാതരം ആലപിക്കുന്നതിൽ നിന്ന് മുസ്ലീങ്ങളെ ഖുറാൻ വിലക്കുന്നുവെന്നുള്ള അബു ആസ്മിയുടെ വാദം പരിഹാസ്യമാണെന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം സെക്രട്ടറി ഇർഫാൻ എഞ്ചിനീയർ വ്യക്തമാക്കി. “സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ മുസ്ലീം ലീഗ് അതിന്റെ ദുഷിച്ച പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ ഖുറാൻ ദുരുപയോഗം ചെയ്‌തു. അത് തന്നെയാണ് ഇപ്പോൾ ചില രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത്” എന്നാണ് ഇർഫാൻ എഞ്ചിനീയർ പറഞ്ഞത്.
ഒരു ശരാശരി മുസ്ലീം വന്ദേമാതരത്തിന് എതിരല്ലെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഇർഫാൻ അലി പിർസാദെയും അഭിപ്രായപ്പെട്ടു. 1947 നു ശേഷവും മുസ്ലീങ്ങൾ ഈ ദേശഭക്തിഗാനം ആലപിച്ചിട്ടുണ്ട് എന്നും വഹാബികൾക്ക് മാത്രമേ പാട്ടിനോട് എതിർപ്പുള്ളൂ എന്നും ആസ്മി ഒരു വഹാബിയാണെന്നും ഇർഫാൻ അലി പിർസാദെ പറഞ്ഞു .
Discussion about this post