ന്യൂഡൽഹി : ഇന്ത്യയുടെ വളർച്ച ഇന്ത്യൻ മഹാസമുദ്രമേഖലക്കും അയൽപക്കങ്ങൾക്കും ഗുണകരമാകും എന്ന് താൻ വിശ്വസിക്കുന്നതായി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പ്രതിനിധിതല ഉഭയകക്ഷി ചർച്ച നടത്തിയശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു റനിൽ വിക്രമസിംഗെ. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ നൽകിയ പിന്തുണയ്ക്ക് അഗാധമായ കൃതജ്ഞതയും വിക്രമസിംഗെ രേഖപ്പെടുത്തി.
“അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുന്നതിലും സാങ്കേതിക പുരോഗതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ തുടരുന്ന മഹത്തായ മുന്നേറ്റത്തിന് ഞാൻ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഒപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സമൃദ്ധിയും നേരുന്നു . ഇന്ത്യയുടെ വളർച്ച ഇന്ത്യൻ മഹാസമുദ്ര മേഖലക്കും അയൽപക്കത്തിനും ഗുണകരമാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ” എന്നിങ്ങനെയായിരുന്നു റനിൽ വിക്രമസിംഗെയുടെ വാക്കുകൾ.
കഴിഞ്ഞ വർഷം ശ്രീലങ്കയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമായിരുന്നു എന്നും ശ്രീലങ്കൻ പ്രസിഡണ്ട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളം ഇന്ത്യ ശ്രീലങ്കയ്ക്ക് തന്ന ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും അഗാധമായ കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നും വിക്രമസിംഗെ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഗണ്യമായി വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും റനിൽ വിക്രമസിംഗെ വ്യക്തമാക്കി.
ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലയിലെ വിവിധ പദ്ധതികളുടെ സാമ്പത്തിക വികസനത്തിനായുള്ള സഹകരണ മെമ്മോറാണ്ടം ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. സാംപൂർ സൗരോർജ്ജ പദ്ധതിക്കുള്ള ഊർജ്ജ അനുമതിയുടെ രേഖയും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിലെ സഹകരണം, ഓൺലൈൻ പേയ്മെന്റ് സേവനങ്ങളിലെ സഹകരണം എന്നിവയിലും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലായിട്ടുണ്ട്.
Discussion about this post