മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നാണ് ‘സദയം’ (1992). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
തന്റെ കഥക്ക് മുകളിൽ ഒരു അഭിനേതാവ് നടത്തിയ പ്രകടനമെന്ന് എംടി വിശേഷിപ്പിച്ചത് സദയത്തിലെ ഈ പ്രകടനത്തെക്കുറിച്ചാണ്. ഭാഗ്യക്കേട് കൊണ്ട് മാത്രമാണ് മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടാതെ പോയതെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. താൻ ചെയ്ത നാല് കൊലപാതകങ്ങളുടെ പേരിൽ വധശിക്ഷ കാത്തിരുന്ന സത്യാനാഥൻ (മോഹൻലാൽ) എന്ന തടവുകാരന്റെ കഥയാണിത്. അയാൾ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് എന്നതാണ് സിനിമയുടെ കാതൽ. ലോകത്തിന്റെ ക്രൂരതകളിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിക്കാനാണ് അയാൾ ഈ കൊലപാതകങ്ങൾ നടത്തിയത്. വധശിക്ഷ കാത്തുകിടക്കുന്ന അയാൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്.
സത്യാനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച സിനിമയായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. മോഹൻലാലിൻറെ സത്യനാഥൻ കിടന്ന സെല്ലിന്റെ പ്രത്യേകത എന്തായിരുന്നു എന്ന് സിബി മലയിൽ ഇങ്ങനെ പറഞ്ഞു:
” എം ടി സാർ തിരക്കഥ എല്ലാം തന്ന് കഴിഞ്ഞപ്പോൾ തന്നെ എന്റെ നായകൻ ലാൽ ആയിരിക്കുമെന്ന് ഉറപ്പിച്ചതാണ്. ലൊക്കേഷൻ കാണാൻ ജയിൽ പോയ ദിവസം ഒരാൾ അവിടെ ചെടി നനച്ചുകൊണ്ടൊരാൾ അവിടെ ഉണ്ടായിരുന്നു. അയാളെ ഒരു പ്രത്യേക സെല്ലിൽ ആയിരുന്നു പാർപ്പിച്ചത്. പിന്നീടാണ് അത് വധശിക്ഷ കാത്തുകിടക്കുന്ന റിപ്പർ ചന്ദ്രൻ ആയിരുന്നു അതെന്ന്. എന്തായാലും ഒരു മാസത്തിന് ശേഷം ഷൂട്ടിങ്ങിന് ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അയാളുടെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഞാൻ ലാലിൻറെ സെല്ലായി തിരഞ്ഞെടുത്തതും ഇതേ റിപ്പർ ചന്ദ്രൻ കിടന്ന സ്ഥലമായിരുന്നു. ലാലിനെ സെല്ലിൽ കയറ്റിയ ശേഷമാണ് ഇത് റിപ്പർ കിടന്ന സ്ഥലമാണ് എന്ന് പറഞ്ഞത്. കുറച്ചുസമയം ലാൽ ഒന്നും മിണ്ടിയില്ല, ശേഷം എന്തിനാണ് നിങ്ങൾ ഇത് എന്നോട് പറഞ്ഞതെന്ന് ചോദിച്ചു.”
രക്ഷിക്കാൻ വേണ്ടി ഒരാളെ കൊല്ലുന്നത് ശരിയാണോ?” എന്ന വലിയൊരു നൈതിക ചോദ്യം ഈ സിനിമ മുന്നോട്ട് വെക്കുന്നു. സമൂഹത്തിലെ തിന്മകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മരണമാണ് ഏക പോംവഴി എന്ന് വിശ്വസിക്കുന്ന നായകന്റെ മാനസികാവസ്ഥ പ്രേക്ഷകരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നു.













Discussion about this post