പാകിസ്താൻ നയതന്ത്രപരമായി വലിയൊരു കെണിയിൽ വീണോ അതോ ഇന്ത്യയെ മറികടക്കാൻ നടത്തിയ നീക്കം പാളിയോ എന്ന ചർച്ചകൾക്ക് വഴിതുറന്ന് പുതിയ സംഭവവികാസങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബം നടത്തുന്ന ക്രിപ്റ്റോ കറൻസി സംരംഭമായ ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യലുമായി’ പാകിസ്താൻ കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാർ ഒപ്പിട്ട അതേ ദിവസം തന്നെ പാകിസ്കാനെ ഞെട്ടിച്ചുകൊണ്ട് ട്രംപ് ഭരണകൂടം പാക് പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരുടെ നേതൃത്വത്തിലുള്ള വേൾഡ് ലിബർട്ടി ഫിനാൻഷ്യലിന്റെ ‘USD1’ സ്റ്റേബിൾകോയിൻ (Stablecoin) ഉപയോഗിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകൾ നടത്താനാണ് പാകിസ്താൻ ധാരണാപത്രത്തിൽ ഒപ്പിട്ടത്. ട്രംപിന്റെ മക്കളും ഉറ്റ സുഹൃത്തുമായ സ്റ്റീവ് വിറ്റ്‌കോഫിന്റെ മകൻ സാക് വിറ്റ്‌കോഫും ചേർന്നാണ് ഈ സംരംഭം നടത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താൻ, വിദേശനാണ്യ വിനിമയത്തിനായി ഡോളർ അധിഷ്ഠിത ക്രിപ്റ്റോ കറൻസി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. പാക് വിർച്ച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയും വേൾഡ് ലിബർട്ടിയുടെ സഹോദര സ്ഥാപനമായ ‘എസ്‌സി ഫിനാൻഷ്യൽ ടെക്‌നോളജീസും’ തമ്മിലാണ് ധാരണാപത്രം (MoU) ഒപ്പിട്ടത്. വേൾഡ് ലിബർട്ടി സിഇഒ സാക് വിറ്റ്‌കോഫ് നേരിട്ട് പാകിസ്താനിലെത്തിയപ്പോഴാണ് ധാരണാപത്രം ഒപ്പിട്ടത്. പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബും ഇതിൽ പങ്കെടുത്തിരുന്നു.
ട്രംപ് കുടുംബവുമായി കോടികളുടെ ബിസിനസ് കരാർ ഒപ്പിട്ട അതേ ദിവസം തന്നെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പാകിസ്കാനെ വിസ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തി.ജനുവരി 21 മുതൽ പാക്കിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസകൾ നൽകുന്നത് അമേരിക്ക നിർത്തിവെക്കും.
ട്രംപ് കുടുംബത്തിന് സാമ്പത്തിക നേട്ടമുണ്ടാകുന്ന ക്രിപ്റ്റോ കരാറിൽ ഒപ്പിടാൻ തയ്യാറായ പാകിസ്താന്, പകരമായി ലഭിച്ചത് നയതന്ത്രപരമായ ഒറ്റപ്പെടലാണെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. ഒരുവശത്ത് ട്രംപിന്റെ കുടുംബ ബിസിനസ് വളർത്താൻ സഹായിക്കുമ്പോഴും മറുവശത്ത് പാക് പൗരന്മാരെ തന്റെ രാജ്യത്തേക്ക് കടക്കാൻ ട്രംപ് അനുവദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.













Discussion about this post