ന്യൂഡൽഹി : വിപണിയിൽ കുതിച്ചുയരുന്ന തക്കാളിയുടെ വില കുറയ്ക്കാനായി കേന്ദ്രം. ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ തക്കാളി സംഭരിക്കും. ചില്ലറ വ്യാപാരികളുടെ ഇടയിൽ തക്കാളിയ്ക്ക് വില വർദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. പാർലമെന്റിൽ വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട് തക്കാളിയുടെ വില വർദ്ധനവ് ചർച്ച ചെയ്തിരുന്നു. രാജ്യസഭ എംപി കാർത്തികേയ ഷർമ്മയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അശ്വിനി കുമാർ ചൗബേ.
തക്കാളിയ്ക്ക് വിലവർദ്ധിച്ചതിനാൽ, ഉപഭോക്താക്കൾക്ക് കൂടുതൽ സബ്‌സിഡിയോട് കൂടി മിതമായ വിലയ്ക്ക് തക്കാളി നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
തക്കാളി കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും തക്കാളി കൂടുതൽ ശേഖരിച്ച് ഡൽഹി,രാജസ്ഥാൻ, ബീഹാർ എന്നീ വലിയ വിപണന കേന്ദ്രങ്ങളിലൂടെ മിതമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനോടും ദേശീയ കാർഷിക സഹകരണ ഫെഡറേഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ തക്കാളി കിലോയ്ക്ക് 160 രൂപ വരെ വില ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസർക്കാർ കർഷകരിൽ നിന്നും കൂടുതൽ തക്കാളി സംഭരിച്ച് വിപണിയിൽ എത്തിച്ചതോടെയാണ് വിലയിൽ നേരിയ ആശ്വാസം ഉണ്ടായത്. വില പിടിച്ചു നിർത്താനായി കിലോയ്ക്ക് 90 രൂപ നിരക്കിൽ തക്കാളി വിൽക്കാൻ നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഉൾപ്പെടെ അനുമതി നൽകിയിരുന്നു. തക്കാളി കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന മാസങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞാൽ വില കുറയുമെന്നാണ് പ്രതീക്ഷ.
Discussion about this post