ചെന്നൈ: തമിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾ വേണ്ടെന്ന് കോളിവുഡ് സിനിമാ സംഘടനയായ ഫെഫ്‌സി(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ). നിർദേശങ്ങൾ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു. തമിഴ് സിനിമാ പ്രവർത്തകരുടെ സാധ്യതകൾ ഇല്ലാതാകുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിൽ മാത്രം നടത്തണമെന്നത് ഉൾപ്പെടെ മറ്റു ചില നിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
അതേസമയം, ഇതര ഭാഷകളിൽ നിന്നുള്ള നടീ-നടന്മാരെ അഭിനയിപ്പിക്കരുതെന്ന തീരുമാനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും, മറ്റു തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ഫെഫ്‌സി പ്രസിഡൻറ് ആർ കെ സെൽവമണി പറഞ്ഞു.











Discussion about this post