ജയ്പൂർ: സംസ്ഥാന സർക്കാരിനെ വിമർശിച്ച മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റി കോൺഗ്രസ്. രാജസ്ഥാനിലാണ് സംഭവം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മന്ത്രിസഭയിലെ സഹമന്ത്രിയായിരുന്ന രാജേന്ദ്ര ഗുധയെ പുറത്താക്കിയത് ഹോംഗാർഡ്, സിവിൽ ഡിഫൻസ്, പഞ്ചായത്തീരാജ്, ഗ്രാമവികസനം എന്നിവയുടെ സഹമന്ത്രിയായിരുന്നു ഇദ്ദേഹം. സർക്കാരിനെതിരെ പരാമർശം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് രാജേന്ദ്ര ഗുധക്കെതിരെ നടപടിയെടുത്തത്.
ജൂലൈ 21 ന് സംസ്ഥാന നിയമസഭയിൽ ‘രാജസ്ഥാൻ മിനിമം വരുമാന ഗ്യാരന്റി ബില്ല് 2023’ ന്റെ ചർച്ച നടക്കുകയായിരുന്നു. ചർച്ചക്കിടെ മെയ് നാലിന് മണിപ്പൂരിലെ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധത്തെത്തുടർന്ന് ചർച്ച തടസ്സപ്പെട്ടു. ഈ സമയം സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന വിഷയത്തിൽ ഗുധ സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു.’രാജസ്ഥാനിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു, മണിപ്പൂരിന്റെ പ്രശ്‌നം ഉന്നയിക്കുന്നതിന് പകരം ആത്മപരിശോധന നടത്തണമെന്ന് രാജേന്ദ്ര ഗുധ പറഞ്ഞു. ഇതോടെ മറ്റ് കോൺഗ്രസ് അംഗങ്ങൾ രാജേന്ദ്ര ഗുധയ്‌ക്കെതിരെ തിരിയുകയായിരുന്നു.
രാജേന്ദ്ര സിംഗ് ഗുധയെ പിരിച്ചുവിടാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശുപാർശ ചെയ്തതായും ഗവർണർ കൽരാജ് മിശ്ര ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ശുപാർശ അംഗീകരിച്ചതായും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post