കാസർകോട്: ഫാഷൻഗോൾഡ് തട്ടിപ്പ് കേസിൽ നാല് പേർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി ഷുക്കൂർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കാനാണ് ഉത്തരവ്. കളനാട് കട്ടക്കാൽ സ്വദേശി എസ്. കെ മുഹമ്മദ് കുഞ്ഞി നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്.
ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയാണ് ഉത്തരവിട്ടത്. ഷുക്കൂറിന് പുറമേ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ് എടുക്കാൻ നിർദ്ദേശം. തന്റെ പേരിൽ വ്യാജ രേഖകൾ ചമച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുഞ്ഞഹമ്മദ് കോടതിയെ സമീപിച്ചത്.
കമ്പനിയുടെ ഡയറക്ടർ ആണ് മുഹമ്മദ് കുഞ്ഞി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കമ്പനി ഡയറക്ടർ ആക്കിയത് എന്നാണ് മുഹമ്മദ് കുഞ്ഞി പറയുന്നത്. തന്റെ ഒപ്പുൾപ്പെടെ വ്യാജമാണെന്നും അദ്ദേഹം പറയുന്നു. ഇതിലാണ് കേസ് എടുക്കാൻ കോടതി നിർദ്ദേശിച്ചത്. ഡയറക്ടർ എന്ന നിലവിൽ കേസിലെ 11ാം പ്രതിയാണ് ഇയാൾ.
Discussion about this post