കാബൂൾ: ഭീകരസംഘടനയായ ഐഎസ് അമേരിക്കൻ സൃഷ്ടിയാണെന്ന വാദവുമായി താലിബാൻ. ദാഈഷിന് പിന്നിൽ അമേരിക്ക ആണെന്നും അതെല്ലാം യുഎസിന്റെ ആസൂത്രണത്തിലൂടെ ഉണ്ടായതാണെന്നും കാബൂൾ ഗവർണർ മുഹമ്മദ് ഖാസിം ഖാലിദ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ ആരോപണം.
യു എസ് ദാഈഷിനെ പരിശീലിപ്പിക്കുന്നതിന്റെ രേഖകൾ താലിബാന്റെ കൈവശമുണ്ട്. അഫ്ഗാനിസ്ഥാനിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാൻ ശത്രുക്കൾ ശ്രമിക്കുന്നു. അതിനായി പല മാർഗങ്ങളും തിരഞ്ഞെടുക്കുന്നു. അത്തരം ഒരു ലക്ഷ്യത്തിനായി യു എസ് സൃഷ്ടിച്ചതാണ് ദാഈഷെന്ന് താലിബാൻ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം അൽ ഖ്വയ്ദ നേതാവും സഹ സ്ഥാപകനുമായ അയ്മൻ അൽ സവാഹിരി കൊലപ്പെട്ടെന്ന വാർത്തയും താലിബാൻ നേതാവ് നിഷേധിച്ചു. സവാഹിരി അഫ്ഗാനിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടതിന് യാതൊരു തെളിവുമില്ല.
അഫ്ഗാനിസ്ഥാനിൽ തങ്ങൾ ദാഈഷിനെ ഇല്ലാതാക്കിയെന്നാണ് യു എസ് അവകാശവാദമുന്നയിക്കുന്നത് എന്നും ഖാലിദ് പ്രതികരിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രണത്തിലൂടെ അൽ ഖ്വയ്ദയുടെ കുപ്രസിദ്ധ ഭീകരനെ വധിച്ചെന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. 2001 ലെ സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായ ഈ ഭീകരനെ വധിച്ചത് വലിയ നേട്ടമായാണ് യുഎസ് പ്രസിഡന്റ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. ഇത് പൂർണമായും തെറ്റാണെന്ന വാദമാണ് ഇപ്പോൾ താലിബാൻ ഉയർത്തുന്നത്.
2021 ലായിരുന്നു അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. തുടർന്ന് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പിടിമുറുക്കി. അഫ്ഗാനിസ്ഥാനിൽ 2021 ഓഗസ്റ്റ് മുതൽ 224 ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നു. ബോംബാക്രമത്തിൽ 21 വൈദികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.











