ന്യൂഡൽഹി: ഝാർഖണ്ഡിൽ സ്ത്രീകൾക്ക് മാത്രമായി ഒരു മസ്ജിദ് ഒരുങ്ങുന്നു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മസ്ജിദ് ആണിത്. ജംഷഡ്പൂർ ജില്ലയിലെ കപാലി താജ്‌നഗറിൽ ഒരു കോടി രൂപ ചിലവിലാണ് മസ്ജിദ് ഒരുങ്ങുന്നത്. ഈ വർഷം ഡിസംബറോടെ മസ്ജിദ് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിവരം.സാമൂഹികപ്രവർത്തകനായ ഡോ. നൂറുസ്സമാൻ ഖാനാണ് മസ്ജിദ് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. മസ്ജിദിലെ ഇമാം, ഗാർഡുകൾ തുടങ്ങിയ എല്ലാ പദവികളും സ്ത്രീകൾ തന്നെയായിരിക്കും വഹിക്കുക. പുരുഷന്മാർക്ക് മസ്ജിദിലേക്ക് വിലക്കേർപ്പെടുത്തും.
ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ മകൾ സയ്യിദ സഹ്റ ബീബി ഫാത്തിമയുടെ പേരിലായിരിക്കും മസ്ജിദ് അറിയപ്പെടുക. അൽ-ഇംദാദ് എജ്യുക്കേഷൻ വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് 25 വർഷത്തോളമായി പാവപ്പെട്ട പെൺകുട്ടികൾക്കായി ഒരു ഹൈസ്‌കൂൾ നടത്തുന്നയാളാണ് ഡോ. നൂറുസ്സമാൻ ഖാൻ. മുസ്ലീം സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം ഹജ്ജ് ചെയ്യാൻ കഴിയുമെങ്കിൽ, സ്ത്രീകൾ മസ്ജിദൽ പോയി കർമ്മങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറയുന്നു.
സ്ത്രീകൾ ഒരുമിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും മസ്ദിജിൽ യാതൊരു നിയന്ത്രണവുമില്ലാതെ മതപരമായ ആചാരങ്ങൾ പാലിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ പുതിയ വശങ്ങൾ പഠിക്കുമെന്ന് ഡോ.നൂറുസ്സമാൻ ഖാൻ പറഞ്ഞു. ഇതുകൂടാതെ അന്ധവിശ്വാസങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്ത്രീകൾക്ക് മാത്രമുള്ള മസ്ജിദ് നിർമ്മാണത്തിനെതിരെ നിരവധി മുസ്ലീം പണ്ഡിതന്മാരും മറ്റ് ആളുകളും ഇതിനകം തന്നെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് മറ്റുള്ളവരുടെ മുന്നിൽ നിൽക്കുകയും നിസ്‌കരിക്കുകയും ചെയ്യുന്ന ഇമാമത്ത് ചെയ്യാൻ കഴിയില്ലെന്ന് ഇസ്ലാമിക പുരോഹിതന്മാർ പറയുന്നു. സ്ത്രീകൾ മാത്രമുള്ള മസ്ജിദ് പോലെയുള്ളത് തങ്ങൾ ഇതുവരെ കേട്ടിട്ടില്ലെന്നും ഇസ്ലാമിലെ സ്ത്രീകൾക്ക് ഒരിക്കലും ഇമാം ആകാൻ കഴിയില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മുസ്ലീം നിയമത്തിന് വിരുദ്ധമായതിനാൽ മസ്ജിദിന് മതപരമായ പ്രാധാന്യമൊന്നും ഉണ്ടാകില്ലെന്നാണ് വിവരം.
ഇസ്ലാമിലെ സ്ത്രീകൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയാനാണ് ഉദ്ദേശിക്കുന്നത്. ”സ്ത്രീകൾ പൊതുസ്ഥലത്ത് പോകുന്നത് ഇസ്ലാം ഒരു പ്രശ്നമായാണ് കാണുന്നത്. അതിനാൽ സ്ത്രീകൾ വീട്ടിലിരിക്കുകയും വീട്ടിൽ നമസ്‌കരിക്കുകയും വേണമെന്ന് പ്രദേശത്തെ ഒരു മൗലാനയായ നറുൽ ഹുദ്ദ പറഞ്ഞു.
Discussion about this post