ജൂലൈ 23 അന്താരാഷ്ട്ര പ്രക്ഷേപണ ദിനം. ആദ്യകാലത്ത് സാധരണക്കാരുടെ ജനഹൃദയം കീഴടക്കിയ മാദ്ധ്യമമായിരുന്നു റേഡിയോ. ഇന്നത്തെ ദിവസം മാർക്കോണിയെ നാം സ്മരിക്കേണ്ടതുണ്ട്. കാരണം അദ്ദേഹമാണല്ലോ ഇതിനു പിന്നിലെ സൂത്രധാരൻ. സോപ്പ് പെട്ടിപോലെയുളള ഇതിനകത്തു കയറി ആരാണ് ഈ സംസാരിക്കുന്നതെന്ന് കുട്ടിക്കാലത്ത് ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ. റേഡിയോയെ കുറിച്ച് പറയുമ്പോൾ ഗൃഹാതുരത്വം മനസ്സിലേയ്ക്ക് ഓടിവരും. ടെലിവിഷൻ വരുന്നതിന് മുൻപ് ഗൃഹാങ്കണങ്ങളിൽ സ്ഥാനമുറപ്പിച്ചിരുന്നത് റേഡിയോ ആയിരുന്നു. ഓരോ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും റേഡിയോയിലൂടെ ആയിരുന്നു. സുഭാഷിതങ്ങൾ, വാർത്തകൾ, ലളിത സംഗീതപാഠം, കാവ്യാഞ്ജലി, വയലും വീടും, ചലച്ചിത്രഗാനങ്ങൾ ഇവയെല്ലാം തന്നെ മാധുര്യം നിറഞ്ഞ ഓർമ്മകളാണ് മലയാളികൾക്ക്. റേഡിയോ നാടകങ്ങൾക്ക്് വലിയ സ്വീകാര്യതയായിരുന്നു ആ കാലങ്ങളിൽ. കൊച്ചു കുട്ടികൾ മുതൽ പ്രായഭേദമന്യേ ആസ്വദിച്ചിരുന്നു പരിപാടികൾ. ഇന്നത്തെ തലമുറയുടെയും ദിവസങ്ങൾ തുടങ്ങുന്നത് മൊബൈലിൽ എഫ് എം റേഡിയോ കേട്ടാണ്. ടെലിവിഷനിൽ ഒരുപാട് ചാനലുകളും പരിപാടികളും വന്നെങ്കിലും റേഡിയോ പരിപാടികൾക്കായി കാതോർത്തിരിക്കുന്നവർ ഒരു പാടുണ്ട് നമുക്ക് ചുറ്റും.
1923 ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ബോംബെ സ്റ്റേഷനിൽ നിന്നും 1927 ജൂൺ 23 നു ഇന്ത്യൻ ബ്രോഡ്കാസ്ററിംഗ് കമ്പനി പ്രക്ഷേപണം ആരംഭിച്ചു. ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിനായി ഓൾ ഇന്ത്യ റേഡിയോ ഡൽഹിയിൽ ക്രിയേഷൻ ഓഫ് ന്യൂ ഇന്ത്യ ആന്റ് ബ്രോഡ്കാസ്ററിംഗ് മീഡിയം എന്നതിനെ കുറിച്ച് സിമ്പോസിയം നടത്തുകയുണ്ടായി.
1927 ൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ ഒരു സ്വകാര്യ സ്ഥാപനമായി പ്രഖ്യാപിക്കുകയും രണ്ട് റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിക്കാനുളള അനുമതി നൽകുകയും ചെയ്തു.
പിന്നീട് പ്രക്ഷേപണ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവ്വീസ് എന്ന് പ്രഖ്യാപിച്ചു. 1936 ജൂൺ 8 ന് ഓൾ ഇന്ത്യാ റേഡിയോ എന്നാക്കി മാറ്റി. 1957 ൽ ആണ് ഇന്നു കാണുന്ന മുഖഭാവത്തോടു കൂടിയുളള ആകാശവാണി ആയി മാറിയത്. ജന ഹൃദയം കീഴടക്കാൻ റേഡിയോയ്ക്ക് അധിക കാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഇന്ത്യയിലെ ജനങ്ങളുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിത രീതിയെ തന്നെ മാറ്റി മറച്ചു. 144 സ്റ്റേഷനുകളോട് കൂടി, 23 നാനാ ഭാഷകളിലായി ഇന്ന് ഇന്ത്യയിലുട നീളം ശ്രവണ മാദ്ധ്യമമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് ആകാശവാണി.
ഇന്ത്യൻ പ്രധാന മന്ത്രി ആതിഥേയത്വം വഹിക്കുന്ന റേഡിയോ പരിപാടിയായ മൻ കി ബാത്ത് (ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നത്) ഇന്ത്യയിലെ ആദ്യത്തെ ദൃശ്യ സമ്പന്നമായ റേഡിയോ പരിപാടിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ സർവ്വേയിൽ കുറഞ്ഞത് ഇരുപത്തി മൂന്ന് ലക്ഷം അളെുകളെങ്കിലും പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രക്ഷേപണം പതിവായി കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ട്. ദൈനംദിന ഭരണത്തിന്റെ വിഷയങ്ങൾ പൗരന്മാരുമായി സംവദിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 2014 ഒക്ടോബർ 3 നു ഔദ്യോഗികമായി ആരംഭിച്ച മൻ കി ബാത്ത് അകാശവാണിയുടെ പ്രധാന വരുമാന സ്രോതസ്സായി മാറിയിരിക്കുകയാണ്.
Discussion about this post