ബെയ്ജിങ് : ചൈനയിൽ സ്‌കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് 11 പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. വടക്കുകിഴക്കൻ ചൈനയിലെ ഖിഖിഹാർ നഗരത്തിലെ സ്‌കൂളിലാണ് അപകടമുണ്ടായത്.
സ്‌കൂളിലെ ജിംനേഷ്യത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നാണ് അപകടം ഉണ്ടായത്. ഖിഖിഹാറിലെ ലോങ്ഷ ജില്ലയിലെ 34-ാം നമ്പർ മിഡിൽ സ്കൂളിലാണ് അപകടം നടന്നതെന്ന് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 14 ഓളം പേരെ അധികൃതർ പുറത്തെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടസമയത്ത് സ്കൂൾ ജിംനേഷ്യത്തിൽ 19 പേരുണ്ടായിരുന്നുവെന്നും അതിൽ നാല് പേർ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. പെർലൈറ്റ് എന്ന അഗ്നിപർവ്വത സ്ഫടികത്തിന്റെ ഭാഗങ്ങൾ മേൽക്കൂരയിൽ ഉപയോഗിച്ചിരുന്നതാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകരാൻ കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴ പെർലൈറ്റ് വികസിക്കാൻ കാരണമായതോടെ ആണ് മേൽക്കൂര തകർന്നത്.
കെട്ടിട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ചൈനയിൽ ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്. നിർമാണക്കമ്പനിയുടെ ചുമതലയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











Discussion about this post