മാലി : ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് ഇടപെടലിനെ ചെറുക്കുന്നതിനായി മാലിദ്വീപുമായി സൗഹൃദം ശക്തമാക്കി ഇന്ത്യ. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും മാലിദ്വീപും ഭീകരവിരുദ്ധ സഹകരണം പുനഃസ്ഥാപിച്ചു. മാലിദ്വീപിലെ മാലിദ്വീപ് ഇമിഗ്രേഷനും ഇന്ത്യയുടെ ഇമിഗ്രേഷൻ ബ്യൂറോയും തമ്മിൽ തിങ്കളാഴ്ച ഇമിഗ്രേഷൻ സഹകരണം സംബന്ധിച്ച ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാ ഭീകര പ്രവർത്തനങ്ങളെയും ഇരു രാജ്യങ്ങളും ശക്തമായി അപലപിച്ചു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും മറ്റുള്ളവർക്ക് നേരെയുള്ള ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഇരു രാജ്യവും ധാരണയിൽ എത്തിയിട്ടുണ്ട്. അത്തരം ആക്രമണങ്ങളിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ശക്തമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ധാരണയായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎൻ ഉപരോധത്തിന് കീഴിലുള്ള ഭീകര സംഘടനകൾ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. എല്ലാ തീവ്രവാദ ശൃംഖലകൾക്കെതിരെയും യോജിച്ച നടപടിയുടെ ആവശ്യകതയെ കുറിച്ചും ചർച്ചയുണ്ടായി.
ഭീകരതയെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു . ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിനായി തീവ്രവാദ വിരുദ്ധ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു
Discussion about this post