ആലപ്പുഴ: സിപിഎം നേതാവ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി പാർട്ടി പ്രവർത്തക രംഗത്ത്. ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജില്ലാ നേതൃത്വത്തിന് ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.
സിപിഎമ്മിന്റെ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് പരാതിക്കാരി. പാർട്ടി പ്രവർത്തനത്തിനായി ഏരിയ കമ്മിറ്റി അംഗം തന്റെ നാട്ടിൽ എത്തിയപ്പോഴായിരുന്നു അശ്ലീല ചുവയോടെ സംസാരിച്ചത് എന്ന് യുവതി പറയുന്നു. പാർട്ടിയിൽ ഉയരണമെങ്കിൽ തന്നെ വേണ്ട പോലെ കാണണം. ഭർത്താവ് ഇല്ലാത്തപ്പോൾ തന്നെ അറിയിക്കണം. താൻ വീട്ടിൽ വരാം എന്നിങ്ങനെ ആയിരുന്നു ഇയാൾ യുവതിയോട് പറഞ്ഞത്. ഉടനെ തന്നെ യുവതി പരാതിയുമായി പാർട്ടി പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
ആദ്യം സിപിഎം പ്രാദേശിക നേതാക്കൾക്കായിരുന്നു യുവതി പരാതി നൽകിയത്. എന്നാൽ ഇതിൽ നടപടിയൊനനും ഉണ്ടായില്ല. ഇതേ തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി മുതിർന്ന നേതാവിനോട് തന്റെ പരാതി അറിയിക്കുകയായിരുന്നു. എന്നാൽ ഈ പരാതി പരിഗണിക്കാൻ പോലും നേതാവ് തയ്യാറായില്ലെന്ന് മാത്രവുമല്ല യുവതിയെ അധിക്ഷേപിച്ച് തിരികെ അയക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് യുവതി.
അടുത്തിടെ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അടുത്തിടെ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയ്ക്കകത്ത് അടുത്ത വിവാദം ഉണ്ടായിരിക്കുന്നത്.
Discussion about this post