കോഴിക്കോട് : റോഡിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത ശേഷം മാപ്പ് ചോദിച്ചുകൊണ്ട് അജ്ഞാതൻ വെച്ചുപോയ കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വഴിയിൽ വെച്ച് പെട്രോൾ തീർന്നുപോയതിനാൽ പമ്പ് വരെ എത്താനുള്ള ഇന്ധനം എടുക്കുകയാണെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇതോടൊപ്പം അഞ്ച് രൂപയുടെ രണ്ട് നാണയങ്ങളും ബൈക്കിൽ വെച്ചു. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അസിസ്റ്റന്റ് പ്രൊഫസറായ അരുൺലാലാണ് തനിക്ക് ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചത്.
”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടുതരിക. ഗതികേട് കൊണ്ടാണ് പ്ലീസ്. 10 രൂപ ഞങ്ങൾ ഇതിൽ വെച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരില്ല, അത് കൊണ്ടാണ്” എന്നാണ് അജ്ഞാതർ വെച്ച കുറിപ്പിലുള്ളത്.
അജ്ഞാതൻ എഴുതിയ കുറിപ്പിന്റെയും അതോടൊപ്പം വെച്ചിട്ട് പോയ പത്ത് രൂപയുടെയും ചിത്രങ്ങൾ അരുൺ ലാൽ പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസിൽ പാർക്ക് ചെയ്ത തന്റെ ബുള്ളറ്റിൽ ആരോ എഴുതിവെച്ച് പോയതാണ് എന്ന് അദ്ദേം പറഞ്ഞു. ‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ’ എന്നും കോളേജ് അദ്ധ്യാപകൻ കുറിച്ചു.
ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നത് പലയിടത്തും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കുറിപ്പും പണവും വയ്ക്കുന്നത് കേട്ടിട്ടില്ല. എന്തായാലും സംഭവം വൈറലായതോടെ ഈ കുറിപ്പ് വെച്ചിട്ട് പോയവരെ നേരിൽ കാണണമെന്നുണ്ട് എന്നും അരുൺ ലാൽ പറഞ്ഞു.
Discussion about this post