ഇംഫാൽ: മണിപ്പൂരിലേതെന്ന പേരിൽ വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. മ്യാൻമറിൽ ആയുധധാരികളായ പുരുഷൻമാർ ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതിന്റെയും കൊല്ലുന്നതിന്റെയും വീഡിയോയാണ് മണിപ്പൂരിലേതെന്ന പേരിൽ പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് കേസ് എടുത്തു. സൈബർ ക്രൈം പോലീസിന്റേതാണ് നടപടി. സമൂഹമാദ്ധ്യമത്തിൽ വ്യാജ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു പോലീസ് നിയമ നടപടിയിലേക്ക് കടന്നത്.
വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കുകയാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഇത്തരം വീഡിയോകൾ ആളുകളെ പരിഭ്രാന്തരാക്കും. വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലാണ് വീഡിയോകളുടെ ഉള്ളടക്കം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 19 ന് മണിപ്പൂരിൽ ഒരു കൂട്ടം ആളുകൾ മൂന്ന് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു മണിപ്പൂരിൽ നിന്നുമുള്ള ദൃശ്യങ്ങൾ എന്ന പേരിൽ മ്യാൻമറിൽ നിന്നുമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മണിപ്പൂരിലെ വീഡിയോ പുറത്തുവന്ന് 48 മണിക്കൂറിനുള്ളിൽ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ മുഖ്യപ്രതിയായ ഹുയ്രെം ഹെറോദാസ് മെയ്തിയുടെ വീടിന് അജ്ഞാതസംഘം തീയിടുകയും ചെയ്തിരുന്നു.
Discussion about this post