എറണാകുളം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സംഭവത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). പരാമർശത്തിൽ സ്പീക്കർക്കെതിരെ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകാനാണ് വിഎച്ച്പിയുടെ തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനവും നൽകും.
ഈ മാസം 30 നുള്ളിൽ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകാനാണ് തീരുമാനം. പരാമർശത്തിൽ സ്പീക്കർക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ വ്യക്തമാക്കി. ഈ മാസം 30 ന് നടക്കുന്ന സംസ്ഥാന ഗവേണിംഗ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഷംസീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഷംസീറിനെതിരെ ബിജെപി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകാൻ വിഎച്ച്പി ഒരുങ്ങുന്നത്. ഹിന്ദുവിരുദ്ധ പരാമർശത്തിൽ ഷംസീറിനെതിരെ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post