ജയ്പൂർ; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും കോൺഗ്രസ് നേതൃത്വത്തെയും മുൾമുനയിലാക്കി റെഡ് ഡയറി. മന്ത്രിസഭയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട രാജേന്ദ്രസിംഗ് ഗുധ ഉയർത്തിയ റെഡ് ഡയറിയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കേ പ്രതിസന്ധി തീർക്കുന്നത്. പല രഹസ്യങ്ങളും ഈ ചുവന്ന ഡയറിയിൽ ഉണ്ടെന്ന് പറഞ്ഞാണ് രാജേന്ദ്രസിംഗ് നിയമസഭയിലെത്തിയത്. അശോക് ഗെഹലോട്ടിനെ തുറന്നുകാണിക്കുമെന്ന് രാജേന്ദ്രൻ സിംഗ് പറഞ്ഞതോടെ സഭയിൽ ബഹളമായി.
തന്നെ ചില കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചെന്നും ഡയറിയിലെ ചില പേജുകൾ കോൺഗ്രസ് നേതാക്കൾ വലിച്ചുകീറിയെന്നും ഗുധ പറയുന്നു. ഇന്നലെ സഭയിലെത്തിയ ഗുധയെ സഭാ കവാടത്തിൽ കോൺഗ്രസ് എംഎൽഎമാർ തടഞ്ഞു. സഭാനടപടികൾ നടക്കുന്നതിനിടെയായിരുന്നു രാജേന്ദ്ര ഗുധ സഭയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. തുടർന്ന് സ്പീക്കറുടെ ചേംബറിന് മുമ്പിലെത്തിയെങ്കിലും കൈയിലുള്ള ‘റെഡ് ഡയറി’യിലെ ‘രഹസ്യം’ വെളിപ്പെടുത്താൻ അദ്ദേഹത്തെ അനുവദിച്ചില്ല. ഡയറിയിൽ ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതിയുടെ രേഖകളാണെന്ന് മുൻമന്ത്രി അവകാശപ്പെട്ടു. ഗെഹ്ലോട്ടിന്റെ അടുപ്പക്കാരൻ ധർമ്മേന്ദ്ര റാത്തോഡുമായി ബന്ധപ്പെട്ടതാണ് ഡയറി. രാജസ്ഥാൻ ടൂറിസം വികസന കോർപ്പറേഷൻ ചെയർമാനാണ് റോത്തോഡ്. 2020 ൽ സച്ചിൽ പൈലറ്റുമായുള്ള ഭിന്നതയ്ക്കിടെ കോൺഗ്രസ് എംഎൽഎമാരെയും സ്വതന്ത്രരേയും മറ്റ് ചിലരെയും തനിക്കൊപ്പം നിർത്താൻ ഗെഹ്ലോട്ട് മുടക്കിയ തുകയുടെ കണക്ക് ഡയറിയിലുണ്ടെന്നാണ് രാജേന്ദ്ര സിംഗ് അവകാശപ്പെടുന്നത്. റാത്തോഡിന്റെ വീട്ടിലായിരുന്ന ഡയറി ആദായാ നികുതി വകുപ്പിന്റെ റെയ്ഡിനു മുൻപ് ഗെഹ്ലോട്ടിന്റെ നിർദ്ദേശ പ്രകാരം താൻ മാറ്റിയതാണെന്നും ഡയറി കത്തിച്ചുകളയാൻ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാളിന് മുമ്പിലെത്തി ഗൂഢ അദ്ദേഹവുമായി സംസാരിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎ റാഫിക് ഖാൻ ചീറിയടുത്ത് ഗുഢയെ പിടിച്ചുതള്ളി. മറ്റുപാർട്ടികളിലെ എംഎൽഎമാരെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അക്രമത്തിനെതിരെ ബിജെപി എംഎൽഎമാർ ശക്തമായി പ്രതിഷേധിച്ചതോടെ സ്പീക്കർ സഭ പിരിച്ചു വിട്ടു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മന്ത്രിസഭയിലെ സഹമന്ത്രിയായിരുന്ന രാജേന്ദ്ര ഗുധയെ പുറത്താക്കിയത് ഹോംഗാർഡ്, സിവിൽ ഡിഫൻസ്, പഞ്ചായത്തീരാജ്, ഗ്രാമവികസനം എന്നിവയുടെ സഹമന്ത്രിയായിരുന്നു ഇദ്ദേഹം. സർക്കാരിനെതിരെ പരാമർശം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് രാജേന്ദ്ര ഗുധക്കെതിരെ നടപടിയെടുത്തത്.
ജൂലൈ 21 ന് സംസ്ഥാന നിയമസഭയിൽ ‘രാജസ്ഥാൻ മിനിമം വരുമാന ഗ്യാരന്റി ബില്ല് 2023’ ന്റെ ചർച്ച നടക്കുകയായിരുന്നു. ചർച്ചക്കിടെ മെയ് നാലിന് മണിപ്പൂരിലെ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധത്തെത്തുടർന്ന് ചർച്ച തടസ്സപ്പെട്ടു. ഈ സമയം സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന വിഷയത്തിൽ ഗുധ സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു.’രാജസ്ഥാനിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു, മണിപ്പൂരിന്റെ പ്രശ്നം ഉന്നയിക്കുന്നതിന് പകരം ആത്മപരിശോധന നടത്തണമെന്ന് രാജേന്ദ്ര ഗുധ പറഞ്ഞു. ഇതോടെ മറ്റ് കോൺഗ്രസ് അംഗങ്ങൾ രാജേന്ദ്ര ഗുധയ്ക്കെതിരെ തിരിയുകയായിരുന്നു
Discussion about this post