കാർഗിൽ എന്നും ഇന്ത്യയ്ക്ക് ഐതിഹാസിക വിജയത്തിന്റെ ഓർമ്മ ദിനമാണ്. 527 ധീരന്മാർ ജീവരക്തം നൽകി തിരികെ നേടിയെടുത്ത അഭിമാനത്തിന്റെ ഓർമ്മദിനം. വീരമൃത്യു വരിച്ച 527 സൈനികരിൽ ഓരോ ജീവനും ഓരോ സേവനവും വിലപ്പെട്ടതാണെങ്കിലും വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയെന്ന് പേര് കേൾക്കുമ്പോൾ രക്തം തിളയ്ക്കും,അഭിമാനം കൊണ്ട് സല്യൂട്ട് ചെയ്യാൻ കൈകൾ ഉയരും. അത്രയേറെയുണ്ട് ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് കാർഗിൽ യുദ്ധവുമായുള്ള ബന്ധം. വെടിയുണ്ടകൾ ചീറിപായുമ്പോൾ ‘ദിൽ മാംഗേ മോർ’ എന്ന് ഉറക്കെ പറയാൻ ധൈര്യം കാണിച്ച യഥാർത്ഥ ക്യാപ്റ്റൻ. ഒന്നുകിൽ ത്രിവർണ പതാക നാട്ടി ഞാൻ മടങ്ങി വരും, അല്ലെങ്കിൽ അതിൽ പൊതിഞ്ഞ്… ശത്രുവിന്റെ തോക്കിൻമുന അടുത്തെത്തിയെന്നറിഞ്ഞിട്ടും മൂവർണക്കൊടി മുറുകെ പിടിച്ച് കൂടെയുള്ളവർക്ക് ധൈര്യം പകരാൻ വിക്രം ബത്ര മറന്നില്ല. വെടിയുയുണ്ടകൾക്കിയിൽ നിന്ന് പൊരുതിയ ആ ധീരനെ രാജ്യം ഷേർഷയെന്ന് വിളിച്ചു.
സൈനിക സേവനത്തിന്റെ പാരമ്പര്യങ്ങളൊന്നും ഇല്ലാത്ത സാധാരണ ഒരു കുടുംബത്തിലാണ് വിക്രം ബത്രയുടെ ജനനം. ഹിമാചൽ പ്രദേശിലെ പാലംപൂരിൽ ഗവൺമെൻറ് സ്‌കൂൾ പ്രിൻസിപ്പലായിരുന്ന ഗിർധാരിലാൽ ബത്രയ്ക്കും സ്‌കൂൾ ടീച്ചറായിരുന്ന കമൽകാന്തിനും 1974 സെപ്തംബർ 9 -ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകുട്ടികളിൽ മൂത്തയാൾ. ചെറുപ്പം മുതൽക്കേ സൈനികർ കുഞ്ഞു വിക്രമിന് ഹീറോകളായി, രാജ്യം അദ്ദേഹത്തിന് അമ്മയായി. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം, അതായിരുന്നു വിക്രമിന്റെ ജീവിതാഭിലാഷം. സൈനിക വേഷമാണ് അതിനായി തനിക്ക് ഇണങ്ങുകയെന്ന് വിക്രം തിരിച്ചറിഞ്ഞു. അതിനായി പരിശ്രമിച്ചു, പോരാടി, ഉറക്കമൊഴിച്ചു. 1995 ൽ കോളേജ് പഠനകാലയളവിൽ തന്നെ അദ്ദേഹത്തിന് ഹോങ്കോങ്ങിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. മാതൃരാജ്യത്തിനെ സേവിക്കുക എന്ന സ്വപ്‌നത്തിനായി പണക്കൊഴുപ്പുള്ള ആ ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു.
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിൽ പങ്കെടുക്കാൻ തയാറെടുക്കാനായി അദ്ദേഹം പഞ്ചാബ് സർവകലാശാലയിലെ എംഎ കോഴ്സിനു ചേർന്നു. തന്റെ സ്വപ്‌നങ്ങൾക്കായി പോരാടുമ്പോൾ കുടുംബത്തിന് ഭാരമാകരുതെന്നും അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു. അതിനായി ചെറിയ ചെറിയ ജോലികളും അദ്ദേഹം ചെയ്തു. 1996ൽ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായ 35 പേരിൽ ഒരാളായി വിക്രം മാറി. തുടർന്ന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 19 മാസം നീണ്ട കഠിന പരിശീലനം. ഇതിനു ശേഷം ജമ്മു കശ്മീർ റൈഫിൾസിൽ ലഫ്റ്റനന്റായി വിക്രം സൈനിക ജീവിതത്തിനു തുടക്കമിട്ടു. ജമ്മു കശ്മീരിലെ സോപോറിലായിരുന്നു ആദ്യ പോസ്റ്റിങ്. ഇന്ത്യ ഭീകരതയോട് പൊരുതുന്ന നാളുകളായിരുന്നു അത്. സൈനികർക്ക് വിശ്രമമില്ലാത്ത നാളുകൾ.
ആയിടയ്ക്കാണ് ഇന്ത്യൻ മേഖലയിലേക്ക് പാകിസ്താൻ ചതിയിലൂടെ അതിക്രമിച്ച് കയറാനുള്ള ശ്രമങ്ങൾ നടത്തിയത്. സമുദ്രനിരപ്പിൽ നിന്ന് അനേകായിരം അടി ഉയരത്തിലുള്ള ചെങ്കുത്തായ മലമ്പ്രദേശത്ത് സൈനികർ മാതൃരാജ്യത്തിനായി കാവൽ നിന്നു. അധികം വൈകാതെ യുദ്ധം കൊടുമ്പിരി കൊണ്ടു. 1999 ൽ ബെൽഗാമിൽ കമാൻഡോ കോഴ്‌സ് പൂർത്തിയാക്കി ഡ്യൂട്ടിക്ക് ചേരും മുമ്പ് കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കാനായി വിക്രം വീട്ടിലെത്തിയ സമയത്താണ് യുദ്ധം മുറുകിയത്. പ്രതിശ്രുത വധുവിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് , വിക്രം യുദ്ധമുഖത്തെത്തി. അദ്ദേഹത്തിന്റെ ബറ്റാലിയൻ യുദ്ധത്തിൽ അണി ചേർന്നു.
ജൂൺ ഒന്നിന് വിക്രം കാർഗിലിലെ സൈനിക ക്യാമ്പിൽ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന്റെ പതിനെട്ടാം ദിവസം നിർണ്ണായകമായ ഒരു ദൗത്യത്തിന് നേതൃത്വം നൽകാനായി വിക്രം ബത്ര നിയോഗിക്കപ്പെട്ടു. പാക് സൈന്യം ചതിയിലൂടെ പിടിച്ചെടുത്ത സമുദ്രനിരപ്പിൽ നിന്നും 16,962 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, കാർഗിൽ ജില്ലയിലെ ത്രാസ് സെക്ടറിലെ പോയിൻറ് 5140 തിരിച്ച് പിടിക്കുകയായിരുന്നു അത്. ഒട്ടും എളുപ്പമല്ലായിരുന്നു ആ ദൗത്യം. തീവ്രവാദികളും പാക് സൈനികരും തമ്പടിച്ച മലമുകൾ വെട്ടിച്ച് സൈനീക നീക്കം നടത്തുക അസാധ്യമെന്ന് കരുതിയ സമയം. എന്നാൽ പോരാടും, വിജയം നേടും എന്ന നിശ്ചയദാർഢ്യത്തിലായിരുന്നു ആ സൈനികൻ.
ലെഫ്. കേണൽ യോഗേഷ് കുമാർ ജോഷിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈന്യമായിരുന്നു ഈ പ്രദേശം തിരിച്ച് പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിത്. അദ്ദേഹമടങ്ങിയ സൈന്യം ജൂൺ 17-ഓടെ പോയിൻറെ 5140-ന് അടുത്ത് എത്തിയിരുന്നു. ഇവിടം പിടിച്ചെടുത്താനായി അദ്ദേഹം ആ ദൗത്യം ലെഫ്‌നൻറ് സജീവ് സിംഗ് ജാംവാളിന് കീഴിലുള്ള ‘ബ്രാവോ കമ്പനി’, ലെഫ്‌നൻറ് വിക്രം ബത്രയ്ക്ക് കീഴിലുള്ള ‘ഡെൽറ്റ കമ്പനി’ എന്നിവരെ ചുമതലപ്പെടുത്തി. കിഴക്ക് ഭാഗത്ത് നിന്നും തെക്ക് ഭാഗത്തു നിന്നും മല കയറി മുകളിലെത്തി ആക്രമണം നടത്താനായിരുന്നു രണ്ട് കമ്പനികൾക്കും നൽകിയ നിർദേശം.
നിർദ്ദേശം ശിരസാ വഹിച്ച സൈനികർ രാത്രി എട്ടരയോടെ ചെങ്കുത്തായ മലകയറാൻ ആരംഭിച്ചു. 80 ഡിഗ്രി ചെങ്കുത്തായ, മഞ്ഞ് വീണ് തെന്നലുള്ള ആ മല അവർ കയറി. നിർത്താവെ വെടിവച്ചുകൊണ്ടായിരുന്നു ഈ ദൂരമത്രയും അവർ താണ്ടിയത്. പുറകിലൂടെയുള്ള അതിദുർഘടമായ വഴിയിലൂടെ ആരും കയറിവരില്ലെന്ന് വിശ്വസിച്ചിരുന്ന പാക് സൈന്യത്തെ ഞെട്ടിച്ച് വിക്രമും സംഘവും പുലർച്ചെ അക്രമണം നടത്തി. പുലർച്ചെ 04.30 തോടെ താഴെ കാത്തു നിന്ന കമാൻഡിംഗ് ഓഫീസറുടെ വയർലൻസ് സെറ്റിലേക്ക് വിളിച്ച വിക്രം തൻറെ കോഡ് വാക്ക് പറഞ്ഞു. ‘ദിൽ മാംഗേ മോർ’. ഒരൊറ്റ ഇന്ത്യൻ സൈനികന്റെയും രക്തം ചീന്താതെ തന്നെ അവർ പോയിന്റ് 5140 തിരിച്ചുപിടിച്ചു.
വിക്രമിന്റെ ഉള്ളിലെ തീ മനസിലാക്കിയ സൈന്യം അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകി. രാജ്യമാകെ വിക്രമിന്റെ വിജയത്തെ പ്രശംസിച്ചു. അദ്ദേഹം രാജ്യത്തിന്റെ അഭിമാനം തിരിച്ചുപിടിക്കാൻ തോക്കേന്തിയ ഹീറോയായി. എന്നാൽ വിശ്രമിക്കാൻ വിക്രം ഒരുക്കമായിരുന്നില്ല. ഉടനെ മുഷ്‌കോഹ് വാലിയിലുള്ള പോയിന്റ് 4875 എന്ന പതിനേഴായിരം അടി ഉയരത്തിലുള്ള മേഖല തിരിച്ചുപിടിക്കാനായി അദ്ദേഹവും സംഘവും പുറപ്പെട്ടു. അതിശൈത്യത്തിൽ അദ്ദേഹത്തിന്റെ മനസ് തളർന്നില്ലെങ്കിലും ശരീരം തളർന്നു. കലശലായ പനി വിക്രമിനെ ബാധിച്ചു. കമാൻഡിങ് ഓഫീസർ അദ്ദേത്തിന് വിശ്രമം അനുവദിച്ചു.
ആ സമയം പീക്ക് 4875 ൽ ക്യാപ്റ്റൻ എൻഐ നാഗപ്പയും സംഘവും പോരാടുകയായിരുന്നു. സുപ്രധാനമായി ആ ഭാഗം വിട്ട് നൽകിയാൽ യുദ്ധത്തിൽ തോൽക്കുമെന്ന ഉറപ്പുള്ളതിനാൽ പാക് സൈന്യവും തുടരെ ആക്രമണങ്ങൾ നടത്തി. പൊടുന്നനെ ഒരു പാക് ഷെൽ പൊട്ടിത്തെറിച്ച് ക്യാപ്റ്റൻ എൻഐ നാഗപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച സമയം. പനിക്കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റ അദ്ദേഹം ക്യാപ്റ്റൻ എൻഎ നാഗപ്പയെ രക്ഷിക്കാനായി പോകാമെന്ന് അറിയിച്ചു. സഹപ്രവർത്തകർ സ്‌നേഹത്തോടെ തടഞ്ഞെങ്കിലും വിക്രം പുറപ്പെട്ടു. ‘ഷേർഷാ ഈസ് കമിങ്’എന്ന സന്ദേശം വയർലൻസൂടെ പാഞ്ഞു. ഇത് പിടിച്ചെടുത്ത പാക് സൈന്യം കിടുകിടാ വിറച്ചു. പോയിന്റ് 5140 കീഴടക്കിയ ഷേർഷയുടെ അസാമാന്യ ധൈര്യം അവർക്ക് നല്ലത് പോലെ അറിയാമായിരുന്നു.
വിക്രമിൻറെ ജൂനിയർ ഓഫീസർക്ക് ഒരു സ്‌ഫോടനത്തിൽ കാലിന് പരിക്കേറ്റു. സുബേദാറായ രഘുനാഥ് സിങിനോട് അദ്ദേഹത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട വിക്രം, ചീറിപ്പായുന്ന വേടിയുണ്ടകൾക്കിടയിലൂടെ പരിക്കേറ്റ സൈനികന് അടുത്തെത്തി.അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒളിഞ്ഞിരുന്ന ശത്രു അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു. നിനക്ക് കുട്ടികളുണ്ട് മാറിക്കോ എന്ന് പറഞ്ഞ് സഹപ്രവർത്തകനെ തള്ളിമാറ്റിയായിരുന്നു അദ്ദേഹം വെടിയുണ്ടകൾ നെഞ്ചിലേറ്റു വാങ്ങിയത്. ക്യാപ്റ്റൻ വിക്രം മരിച്ചുവീണെങ്കിലും വിക്രം വെട്ടിയ വഴിയിലൂടെ എത്തിയ 13 ജമ്മു കശ്മീർ റൈഫിൾസ് പിന്നീറ്റ് നേരം പുലരും മുന്നേ ‘പീക്ക് 4875’ പിടിച്ചടക്കി. വിക്രമിന്റെയും ബാക്കി 526 സൈനികരുടെ ബലിദാനം വെറുതെ ആയില്ല. 1999 ജൂലൈ 26 ന് ഇന്ത്യൻ സേന കാർഗിലിൽ മൂവർണക്കൊടി പാറിക്കുക തന്നെ ചെയ്തു.
യുദ്ധമുഖത്ത് സ്വന്തം ജീവൻമറന്ന് പോരാടിയ അസാമാന്യ ധൈര്യത്തിന് അംഗീകാരമായി മരണാനന്തരം രാജ്യം ക്യാപ്റ്റൻ വിക്രം ബത്രയെ ‘പരം വീർ ചക്ര’ നൽകി ആദരിച്ചു.
Discussion about this post