ന്യൂഡൽഹി : മാനസികാരോഗ്യത്തെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ. മാനസികാരോഗ്യരംഗത്ത് സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഡോക്ടർമാർക്കും മറ്റ് വിദഗ്ധർക്കും ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനും ഉള്ള പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ “മിഷൻ മോഡിൽ” ആണ് സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ സമൂഹം ഇപ്പോഴും മാനസികാരോഗ്യത്തെ ശരിയായ രീതിയിൽ അല്ല കാണുന്നതെന്നും കേന്ദ്രമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ വ്യക്തമാക്കി.
ബുധനാഴ്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ഭാരതി പ്രവീൺ പവാർ. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ആയ ഡോ. ഭാരതി പ്രവീൺ പവാർ, ‘മാനസികാരോഗ്യം സ്ഥാപനങ്ങൾക്കപ്പുറത്തേക്ക് നീങ്ങുന്നു’ എന്ന് നാമകരണം ചെയ്ത ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാനസിക വൈകല്യങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ട മികച്ച നടപടികൾ കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുണ്ട് എന്ന് ഡോ. ഭാരതി പ്രവീൺ പവാർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ മാനസികാരോഗ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാഷണൽ ടെലി-മെന്റൽ ഹെൽത്ത് സർവീസ് രാജ്യത്തെ പുതിയൊരു ചുവടുവെയ്പ്പ് ആയിരുന്നു. ഇതിനു കീഴിൽ മാനസിക പ്രശ്നങ്ങൾ ഫോണിലൂടെ പങ്കിടാനും പരിഹാരത്തിനും ആയി 42 ടെലി – മാനസ് സെല്ലുകളാണ് സ്ഥാപിച്ചത്. ഇതിനകം തന്നെ ഇവിടേക്ക് വന്ന രണ്ട് ലക്ഷത്തിലധികം കോളുകൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഡോ. ഭാരതി പ്രവീൺ പവാർ അറിയിച്ചു. ഇന്ന് ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്നും ഡോ. ഭാരതി കൂട്ടിച്ചേർത്തു.
മാനസികാരോഗ്യ സംരക്ഷണ നിയമം, 2017 നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ ചർച്ച ചെയ്യുകയും മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നോട്ടുള്ള വഴികളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുക എന്നതാണ് ഈ ദേശീയ സമ്മേളനത്തിന്റെ ലക്ഷ്യം. എൻഎച്ച്ആർസി ചെയർപേഴ്സൺ ജസ്റ്റിസ് അരുൺ മിശ്രയും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം “മാനസികാരോഗ്യം: എല്ലാവരുടെയും ആശങ്ക – മാനസികാരോഗ്യ സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തിൽ 2017’ എന്ന ഒരു പുസ്തകവും, “മാനസികാരോഗ്യ സംരക്ഷണ നിയമം, 2017 നടപ്പിലാക്കുന്നതിന്റെ സ്ഥിതി” എന്ന റിപ്പോർട്ടും വിശിഷ്ട വ്യക്തികൾ പ്രകാശനം ചെയ്തു.








