ന്യൂഡൽഹി : കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി ഐടി വിഭാഗം ചുമതലയുളള അമിത് മാളവ്യ. കോൺഗ്രസിന്റെ സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗാണ് ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂർ വിഷയത്തിൽ യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ റാലിക്കിടെയാണ് ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർന്നത്. റാലിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ഹൈന്ദവ സമുദായത്തിനെതിരെ ആയിരുന്നു. ഇതിനെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും, അന്യായമായി സംഘം ചേർന്നതിനുമാണ് കേസെടുത്തത്.
പിണറായി സർക്കാരിന്റെ പിന്തുണയില്ലാതെ ഈ അതിരുകടന്ന പെരുമാറ്റത്തിന് യൂത്ത് ലീഗ് ധൈര്യപ്പെടില്ലെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോയെന്ന് ട്വിറ്ററിൽ നടത്തിയ പ്രതികരണത്തിൽ അദ്ദേഹം ചോദിച്ചു. കേരളം പേയിളകിയ തീവ്രവാദ നിലപാടുകളുടെ പുതിയ പടുകുഴിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുക്കൾക്കെതിരെ ഹീനമായ രീതിയിൽ മുദ്രാവാക്യം മുഴക്കിയിരുന്നു ലീഗുകാർ. ക്ഷേത്രത്തിന് മുൻപിൽ ഹിന്ദുക്കളെ തൂക്കിലേറ്റുകയും പച്ചയ്ക്ക് കത്തിച്ചുകളയുമെന്നുമാണ് മുദ്രാവാക്യം വിളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയൻ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയാണെന്നും അമിത് മാളവ്യ പറഞ്ഞു. കേരളത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും സുരക്ഷിതരെല്ലെന്നും, കേരളം പുരോഗമന തീവ്രവാദ കാലഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഏഴ് വയസുകാരൻ പിതാവിന്റെ തോളിലിരുന്ന് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവും അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഹിന്ദുക്കളും ക്രിസ്ത്യാനികളും അവിലും മലരും കുന്തിരിക്കവും കരുതിയിരിക്കാനാണ് അന്ന് പറഞ്ഞതെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.









Discussion about this post